തിരുവനന്തപുരം: തലസ്ഥാനത്തെ കെ എസ് ആർ ടി സി ജീവനക്കാരുടെ മിന്നൽ സമരവുമായി ബന്ധപ്പെട്ട് അഞ്ചു ഡ്രൈവർമാർക്കെതിരേ പോലീസ് കേസെടുത്തു. ഗതാഗത തടസമുണ്ടാക്കി ബസുകൾ തലങ്ങും വിലങ്ങും പാർക്ക് ചെയ്തതിനാണ് അഞ്ചു ഡ്രൈവർമാർക്കെതിരേ കേസെന്ന് പോലീസ് അറിയിച്ചു.
സമരത്തിൽ പങ്കെടുത്ത ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും ലൈസൻസ് റദ്ദാക്കുമെന്നാണ് അറിയുന്നത്. ഇവരുടെ വിവരങ്ങൾ പോലീസ് ഗതാഗത കമ്മീഷണർക്കും കൈമാറിയിട്ടുണ്ട്. 50 ബസുകളിലെ ജീവനക്കാർ കുറ്റക്കാരാണെന്നാണ് കണ്ടെത്തൽ.
അതേ സമയം സമരം കൈകാര്യം ചെയ്യുന്നതിൽ പോലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്ന് സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി. ഗതാഗത തടസവും ക്രമസമാധാന പ്രശ്നവും ഉണ്ടായപ്പോഴാണ് പോലീസ് ഇടപെട്ടത്. പോലീസുകാരെ കെഎസ്ആർടിസി ജീവനക്കാർ കൈയേറ്റം ചെയ്തു. ഇതിനാണ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിൽ എടുത്തതെന്നും കമ്മീഷണർ വ്യക്തമാക്കി.
കുഴഞ്ഞുവീണയാളെ ആശുപത്രിയിൽ എത്തിക്കാനും പോലീസ് വൈകിയില്ല. കൺട്രോൾ റൂമിൽ വിവരമെത്തി ഏഴ് മിനിറ്റിനുള്ളിൽ ആശുപത്രിയിൽ എത്തിച്ചതായും സിറ്റി പോലീസ് കമ്മീഷണർ കളക്ടർക്ക് വിശദീകരണം നൽകി.