ന്യൂഡെൽഹി: അക്രമം തടയാൻ പോലീസ് വൈകി രംഗത്തിറങ്ങിയെങ്കിലും വടക്കുകിഴക്കൻ ഡെൽഹിയിൽ സംഘർഷാവസ്ഥ തുടരുന്നു. സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 20 ആയി. ഇന്ന് മാത്രം മരിച്ചവർ ഏഴെന്നാണ് റിപ്പോർട്ട്. നാല് പേരെ മരിച്ച നിലയിൽ ഗുരു തേജ് ബഹദൂർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇന്നലെ രാത്രി വരെ മരണസംഖ്യ 13 ആയിരുന്നു. വെടിയേറ്റവരിൽ ചിലരുടെ നില അത്യന്തം ഗുരുതരമാണ്. 50 പോലീസുകാർ ഉൾപ്പടെ 180 ഓളം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.
പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാൻ ഡെൽഹി ഹൈക്കോടതി അർധരാത്രി പോലീസിന് നിർദേശം നൽകിയിട്ടുണ്ട്. അതേ സമയം പോലീസ് ഇടപെടലിലുണ്ടായ പാളിച്ചകളെ സുപ്രീം കോടതി നിശിതമായി വിമർശിച്ചു. ഇതിനിടെ സംഘർഷവുമായി ബന്ധപ്പെട്ട് 20 പേർ അറസ്റ്റിലായിട്ടുണ്ടെന്ന് ഡെൽഹി പോലീസ് അറിയിച്ചു.
ഡെൽഹിയിൽ ഇനി ആർക്കും ഭയം വേണ്ടെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പറഞ്ഞു. അക്രമം തടയാനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഇന്നലെ രാത്രി ഡോവൽ സംഘർഷമേഖലകൾ സന്ദർശിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡൽഹിയിൽ തങ്ങി സ്ഥിതിഗതികൾ വിലയിരുത്തുകയാണ്. 24 മണിക്കൂറിനിടെ മൂന്ന് ഉന്നത തല യോഗം അദ്ദേഹം വിളിച്ച് ചേർക്കുകയുണ്ടായി.തിരുവനന്തപുരത്തെ ഇന്നത്തെ പരിപാടികൾ അമിത് ഷാ കാൻസൽ ചെയ്തിട്ടിട്ടുണ്ട്.
ക്രമസമാധാനച്ചുമതലയുള്ള സ്പെഷ്യൽ കമ്മിഷണറായി 1985 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥൻ എസ്.എൻ. ശ്രീവാസ്തവയെ ആഭ്യന്തരമന്ത്രാലയം നിയമിച്ചിട്ടുണ്ട്. അടിയന്തരമായി ചുമതലയേൽക്കാനാണ് മന്ത്രാലയത്തിന്റെ നിർദേശം. സി.ആർ.പി.എഫിൽ നിന്നാണ് അദ്ദേഹത്തെ ഡൽഹി പോലീസിലേക്ക് മാറ്റിയത്.
പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ തുടങ്ങിയ സംഘർഷം തുറന്ന പോരിലെത്തിയതാണ് കലാപം പടർന്ന് പിടിക്കാൻ ഇടയാക്കിയത്. വടക്കുകിഴക്കൻ
മോജ്പുർ, ബാബർപുർ മെട്രോ സ്റ്റേഷനുകൾക്കു സമീപമുള്ള പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഇരുവിഭാഗവും ഏറ്റുമുട്ടി. വെടിയുണ്ടകളും പെട്രോൾ ബോംബും കല്ലുകളും വർഷിച്ച സംഘർഷത്തിൽ കുട്ടികളടക്കം നൂറിലേറെപ്പേർക്കു പരിക്കേറ്റു. യുദ്ധസമാനമായ അന്തരീക്ഷത്തിൽ അക്രമികളെ പിരിച്ചുവിടാൻ പോലീസ് പലതവണ കണ്ണീർവാതകം പ്രയോഗിച്ചു.
സംഘർഷത്തിനിടെ മാധ്യമപ്രവർത്തകർക്കുനേരെയും ആക്രമണമുണ്ടായി. ജെ.കെ. 24ഃ7 ന്യൂസ് റിപ്പോർട്ടർ അക്ഷയ് വെടിയേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. എൻ.ഡി.ടി.വി.യുടെ രണ്ട് റിപ്പോർട്ടർമാരെ അക്രമികൾ ക്രൂരമായി തല്ലിച്ചതച്ചു.
സ്ഥിതിഗതികൾ കൈവിട്ടു പോകുന്നതിൽ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ഉത്ഖണ്ഡ പ്രകടിപ്പിച്ചു.