തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനും വനിതാ സുഹ്യത്ത് വഫ ഫിറോസിനും കുറ്റപത്രം കൈമാറി. ഇരുവരും കോടതിയിൽ നേരിട്ട് ഹാജരാകാത്തതിനാല്‍ അഭിഭാഷകരാണ് കുറ്റപത്രം കൈപറ്റിയത്. കേസ് ഏപ്രില്‍ 16 ലേക്ക് മാറ്റിവച്ചു. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
പ്രതികളോട് നേരിട്ട് ഹാജരാകണമെന്ന് കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് മൂന്നിന് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ചാണ് മാധ്യമ പ്രവര്‍ത്തകനായ ബഷീർ മരിച്ചത്. മദ്യലഹരിയിലായിരുന്ന ശ്രീറാം അമിതവേഗതയിൽ ഓടിച്ച കാറാണ് ദുരന്തത്തിന് കാരണമായതെന്ന് കുറ്റപത്രത്തിൽ പറയുന്നു. കേസില്‍ ശ്രീറാം വെങ്കിട്ടരാമനെ ഒന്നാം പ്രതിയാക്കി അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അപകട സമയത്ത് ഇയാൾക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസിന്റേതായിരുന്നു കാർ. വഫയാണ് കേസിലെ രണ്ടാം പ്രതി.