സോണിയയെ ക്ഷണിച്ചില്ല;അത്താഴ വിരുന്ന് കോൺഗ്രസ് ബഹിഷ്ക്കരിക്കും

ന്യൂഡെൽഹി: രാഷ്ട്രപതി ഭവനിൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് നൽകിയ അത്താഴ വിരുന്ന് കോൺഗ്രസ് ബഹിഷ്കരിച്ചു.കോൺഗ്രസ് പ്രസിഡൻറും പാർലമെന്ററി പാർട്ടി നേതാവുമായ സോണിയാഗാന്ധിയെ അത്താഴ വിരുന്നിന് ക്ഷണിക്കാത്തതിനാലാണ് പ്രതിപക്ഷ നേതാക്കൾ വിരുന്ന് ബഹിഷ്ക്കരിച്ചത്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അടക്കുള്ള നേതാക്കൾ അത്താഴ വിരുന്നിൽ നിന്ന് വിട്ടുനിന്നു. വിരുന്നിനെത്തുമെന്ന് മൻമോഹൻ സിംഗ് അറിയിച്ചിരുന്നെങ്കിലും പിന്നീട് വിരുന്നിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.

രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ്, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവരും രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒരുക്കിയ അത്താഴ വിരുന്ന് ബഹിഷ്ക്കരിച്ചു. സോണിയാ ഗാന്ധിയെ ക്ഷണിക്കാത്തതിനാൽ അത്താഴ വിരുന്ന് ബഹിഷ്ക്കരിക്കുമെന്ന് ഇവർ നേരത്തേ അറിയിച്ചിരുന്നു.

പ്രതിപക്ഷത്തെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നകാര്യം ട്രംപിന്റെ സന്ദർശന പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നില്ല.

ട്രംപിന്റെ രണ്ടു ദിവസത്തെ സന്ദർശന പരിപാടികളിലേക്കൊന്നും കോൺഗ്രസ് നേതാക്കളെ ക്ഷണിച്ചിട്ടില്ലെന്ന് ഇവർ കുറ്റപ്പെടുത്തി.