തിരുവനന്തപുരം: മോട്ടോര്‍വാഹനവകുപ്പ് സേവനങ്ങൾ ഇനി മുത ഓൺലൈനിൽ.വാഹന രജിസ്ട്രേഷൻ, ഡ്രൈവിങ് ലൈസൻസ് പുതുക്കൽ, ഉടമസ്ഥാവകാശം മാറ്റൽ തുടങ്ങിയവയ്ക്ക് ഇനി ഓൺലൈനിൽ അപേക്ഷ നൽകാം. മോട്ടോർവാഹനവകുപ്പിന്റെ നടപടിക്രമങ്ങളെല്ലാം വെബ് അധിഷ്ഠിത സോഫ്റ്റ് വെയറായ പരിവാഹനിലേക്ക് മാറിയ സാഹചര്യത്തിലാണിത്.
ആർ.ടി.ഓഫീസുകളിൽ കടലാസിലുള്ള അപേക്ഷകൾ ആവശ്യപ്പെടരുതെന്ന് സംസ്ഥാന ഗതാഗത കമ്മിഷണർ നിർദേശം നൽകിയിട്ടുണ്ട്. 1961-ലെ ചട്ടത്തിൽ ഫയലുകളും റെക്കോഡുകളും സൂക്ഷിക്കേണ്ട കാലയളവ് നിഷ്കർഷിച്ചിട്ടുണ്ട്. ഓഫീസുകളിൽ കുമിഞ്ഞുകൂടിയ കാലാവധി കഴിഞ്ഞ ഫയലുകൾ നശിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.
ഡ്രൈവിങ് ലൈസൻസ് നൽകുന്നതിനും വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുമുള്ള രേഖകളും അപേക്ഷകളും സ്കാൻ ചെയ്ത് അപ് ലോഡ് ചെയ്യാം. ഓൺലൈനിൽ വെരിഫൈ ചെയ്യാനും കഴിയും. പുതുതായി ഡ്രൈവിങ് ലൈസൻസിനോ വാഹന രജിസ്ട്രേഷനോ അപേക്ഷിക്കുമ്പോൾ തയ്യാറാക്കുന്ന കടലാസ് ഫയൽ ഇനി ഉടമയ്ക്ക് കൈമാറും. ഡിജിറ്റൽ ഫയൽ മാത്രമേ ഓഫീസിൽ സൂക്ഷിക്കേണ്ടതുള്ളൂ.
പുതിയ ലൈസൻസിനോ അധിക ക്ലാസ്കൂടി ചേർക്കുന്നതിനോവേണ്ടിയുള്ള അപേക്ഷകളിൽ ടെസ്റ്റ് ഷീറ്റിൽ റിസൽട്ട് എഴുതിയ ഫോറംമാത്രം ഓഫീസിൽ സൂക്ഷിക്കേണ്ടതാണ്.
പുതിയ വാഹന രജിസ്ട്രേഷനുള്ള അപേക്ഷ പരിഗണിക്കുമ്പോൾ ഡിജിറ്റലായി ലഭ്യമായ രേഖകൾ വീണ്ടും നൽകേണ്ട ആവശ്യമില്ല.
ഡ്രൈവിങ് ലൈസൻസ് പുതുക്കൽ, വാഹനങ്ങളുടെ കൺവേർഷൻ, ഉടമസ്ഥാവകാശം മാറ്റൽ തുടങ്ങിയ സേവനങ്ങളും ഓൺലൈൻ അപേക്ഷ പ്രകാരമായിരിക്കും. ഡ്രൈവിങ് ലൈസൻസിന്റെ റിസൽട്ട് രേഖപ്പെടുത്തിയ ഫോറം ഡി.എൽ.സി., ഇൻസ്പെക്ഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയവ ഓഫീസിൽ ഒരുവർഷം സൂക്ഷിച്ചശേഷം നശിപ്പിക്കണമെന്നാണ് നിർദേശം.