ട്രംപ് എത്തും മുമ്പേ ഡെൽഹിയിൽ സംഘർഷം; പോലീസുകാരൻ കൊല്ലപ്പെട്ടു

ന്യൂഡെൽഹി: അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് എത്തു മുമ്പ് തലസ്ഥാനത്ത് സംഘർഷം.അക്രമികളുടെ വെടിയേറ്റ് ഒരു പോലീസുകാരൻ മരിച്ചു. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം നടക്കുന്ന വടക്കു കിഴക്കൻ ഡെൽഹിയിലെ മൗജ്പൂർ ഭജൻപുര, ജാഫറാബാദ് മേഖലകളിലാണ് സംഘർഷമുണ്ടായത്.

പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലാണ് സംഘർഷമുണ്ടായത്. ഗോക്കല്‍ പുരി പോലീസ് സ്റ്റേഷനിലെ രത്തന്‍ലാല്‍ എന്ന ഹെഡ് കോണ്‍സ്റ്റബിളാണ് അക്രമികളുടെ വെടിയേറ്റു മരിച്ചത്. സംഘർഷത്തിനിടെ എട്ടുതവണ വെടിയേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഘർഷത്തെ തുടർന്നു പോലീസ് വെടിയുതിർത്തു. പോലീസിനെ നേരെ അക്രമികള്‍ തിരിച്ച് വെടിവെച്ചതാണ് സ്ഥിതി രൂക്ഷമാക്കിയത്.

ഇരുകൂട്ടരും നടത്തിയ കല്ലേറിലും നിരവധി പേർക്ക് പരിക്കേറ്റു. ഇതേതുടർന്നു പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. 24 മണിക്കൂറിനിടെ ഡെൽഹിയിലുണ്ടാകുന്ന രണ്ടാമത്തെ സംഘർഷമാണ് ഇത്. അക്രമികൾ

നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. വീടുകളും കടകളും ആക്രമിക്കപ്പെട്ടു.  മേഖലയിൽ പത്തു സ്ഥലങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

സംഘർഷത്തെ തുടർന്ന് ജാഫറാബാദ്, മൗജ്പൂർ, ബാബർപൂർ സ്റ്റേഷനുകൾ ഡെൽഹി മെട്രോ അറിയിച്ചു. സ്റ്റേഷനുകളിൽ യാത്രക്കാർക്ക് പ്രവേശനം നിഷേധിച്ചിരിക്കയാണ്.

ഞായറാഴ്ച ജാഫറാബാദിനു സമീപത്തുണ്ടായ സംഘർഷത്തിൽ നിരവധി പേർക്കു പരിക്കേറ്റിരുന്നു. ഷഹീൻബാഗ് സമരത്തെ പിന്തുണച്ച് ശനിയാഴ്ച വൈകുന്നേരത്തോടെയാണ് വടക്കു കിഴക്കൻ ഡൽഹിയിലെ ജാഫറാബാദിൽ സ്ത്രീകളുടെ നേതൃത്വത്തിൽ സമരം തുടങ്ങിയത്. ഇരുന്നൂറിലധികം സ്ത്രീകളാണ് കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. 

ഞായറാഴ്ച ബിജെപി നേതാവ് കപിൽ മിശ്രയുടെ നേതൃത്വത്തിൽ ഒരു വിഭാഗം പ്രവർത്തകർ പ്രതിഷേധ സ്ഥലത്തേക്കു മാർച്ച് നടത്തിയതോടെയാണ് സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തത്.ഇതിന്റെ തുടർച്ചയാണ് ഇന്നത്തെ അക്രമങ്ങൾ.

അതേ സമയം ഡെൽഹിയിൽ സമാധാനന്തരീക്ഷം തിരികെ കൊണ്ടുവരാൻ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ യോട് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ആവശ്യപ്പെട്ടു.സമാധാനം പുന:സ്ഥാപിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് കേജരിവാൾ അഭ്യർഥിച്ചു.