ഭീകരതയ്‌ക്കെതിരെ ഒന്നിച്ച്; പ്രതിരോധ മേഖലയിൽ സഹകരണം: ട്രംപ്

അഹമ്മദാബാദ്: ഭീകരവാദികളെ ഇല്ലാതാക്കാൻ യോജിച്ച് പ്രവർത്തിക്കുന്നതിനൊപ്പം പ്രതിരോധമേഖലയിൽ അമേരിക്ക – ഇന്ത്യ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇരുരാജ്യങ്ങളും പ്രതിരോധ സഹകരണം തുടരുന്നതിനാൽ തങ്ങൾ നിർമ്മിക്കുന്ന ഏറ്റവും മികച്ച സൈനികസാമഗ്രികൾ ഇന്ത്യക്ക് അമേരിക്ക നൽകുമെന്ന് ട്രംപ് പറഞ്ഞു.

ഇന്ത്യൻ സൈന്യത്തിനായി അമേരിക്കയിൽനിന്ന് മുന്നൂറുകോടി ഡോളറിന്റെ മിലിട്ടറി ഹെലികോപ്ടറുകൾ വാങ്ങാനുള്ള കരാറിൽ നാളെ യു.എസ്.-ഇന്ത്യാ പ്രതിനിധികൾ ഒപ്പിടുമെന്നും ട്രംപ് പ്രഖ്യാപിച്ചു.

മോട്ടേര സ്റ്റേഡിയത്തിൽ നമസ്തേ ട്രംപ് പരിപാടിക്കിടെയായിരുന്നു അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ വെളിപ്പെടുത്തൽ.

ഭീകരവാദികളെ ഇല്ലാതാക്കുന്നതിനുള്ള യോജിച്ചുള്ള പ്രവർത്തനത്തിന് അമേരിക്കയും ഇന്ത്യയും പ്രതിജ്ഞാബദ്ധമാണ്. പാകിസ്താൻ അതിർത്തിയിലെ ഭീകരസംഘടനകളെയും ഭീകരവാദികളെയും ഇല്ലാതാക്കാൻ അധികാരത്തിലെത്തിയതു മുതൽ തന്റെ ഭരണകൂടം പാകിസ്താനുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി.

പൗരന്മാരെ ഇസ്ലാമിക തീവ്രവാദത്തിന്റെ ഭീഷണിയിൽനിന്ന് സംരക്ഷിക്കുന്നതിൽ ഇന്ത്യയും അമേരിക്കയും ഒറ്റക്കെട്ടാണ്. രക്തദാഹികളായ ഐ.എസ്. കൊലയാളികളെ ഇല്ലാതാക്കുന്നതിന്, തന്റെ ഭരണകൂടം അമേരിക്കൻ സൈന്യത്തിന്റെ ശക്തി മുഴുവനായും ഉപയോഗിച്ചുവെന്ന് ട്രംപ് പറഞ്ഞു. ഐ.എസ്. ഭീകരൻ അബൂബക്കർ അൽ ബാഗ്ദാദിയെ അമേരിക്കൻ ?സൈന്യം വധിച്ച കാര്യവും അദ്ദേഹം പരാമർശിച്ചു. ഭീകരവാദത്തിനെതിരേ വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരുമെന്ന് ട്രംപ് പറഞ്ഞു.