തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻമന്ത്രി വി.എസ്. ശിവകുമാറിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്. ശിവകുമാറിനെ ഒന്നാംപ്രതിയാക്കി വിജിലൻസ് കഴിഞ്ഞദിവസം എഫ്.ഐ.ആർ സമർപ്പിച്ചിരുന്നു.എൻഫോഴ്സ്മെന്റ് വിഭാഗവും അന്വേഷണം നടത്തുമെന്നാണ് സൂചന.
ശിവകുമാറിന്റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളായിരുന്ന എം. രാജേന്ദ്രൻ, ഷൈജു ഹരൻ, എൻ.എസ്. ഹരികുമാർ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയിലാണ് എഫ്.ഐ. ആർ. സമർപ്പിച്ചത്. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയായിരിക്കെ, അധികാരദുർവിനിയോഗം നടത്തി ബന്ധുക്കളുടെയും ചില സുഹൃത്തുക്കളുടെയും പേരിൽ സ്വത്ത് സമ്പാദിച്ചുവെന്നാണ് പരാതി.
ശിവകുമാർ ഒഴികെയുള്ളവർക്ക് വരവിൽക്കവിഞ്ഞ സ്വത്തുണ്ടായിരുന്നുവെന്ന് വിജിലൻസ് പ്രാഥമികപരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ശിവകുമാർ അനധികൃത സ്വത്തുസമ്പാദനം നടത്തിയെന്ന് തെളിഞ്ഞിട്ടില്ലെങ്കിലും അദ്ദേഹം മറ്റുള്ളവരുടെപേരിൽ സ്വത്ത് സമ്പാദിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഒന്നാം പ്രതിയാക്കിയതെന്നാണ് സൂചന.