കോയമ്പത്തൂർ: ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വരുകയായിരുന്ന കെ.എസ്.ആർ.ടി.സി വോൾവോ ബസും കണ്ടെയ്നർ ലോറിയുംകോയമ്പത്തൂരിനടുത്ത് അവതാശിയിയിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19 പേർ മരിച്ചു. മരിച്ചവരിൽ 18 പേരും മലയാളികളാണ്.
ഇന്ന് പുലർച്ചെ മൂന്നരയോടയയാണ് തിരുപ്പൂരിലേക്ക് പ്രവേശിക്കുന്ന അവിനാശിയിൽ കണ്ടയ്നർ ലോറി കെ.എസ്.ആർ.ടി.സി ബസിൽ ഇടിച്ചത്.അമിതവേഗതയിൽ ലോറി ഡിവൈഡർ മറികടന്ന് ബസിലിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.10 പേർ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. അഞ്ച് സ്ത്രീകളും 12 പുരുഷന്മാരുമാണ് മരിച്ചത്.11 പേരെ തിരിച്ചറിഞ്ഞു. 23 പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അവിനാശ് എസ് പി അറിയിച്ചു.
ബസിന്റെ 12 സീറ്റുകളോളം പൂർണമായും തകർന്നു. ടൈൽസുമായി പോയ കേരള രജിസ്ട്രേഷൻ കണ്ടെയ്നർ ലോറിയാണ് അപകടമുണ്ടാക്കിയത്.
പാലക്കാട് സ്വദേശികളായ റോസ് ലി, രാജേഷ്,ശിവകുമാർ ( പാലക്കാട്), തൃശൂർ സ്വദേശികളായ ഇഗ്നി റാഫേൽ, ഹനീഷ്,നസീബ് മുഹമ്മദ് അലി,കിരൺ കുമാർ, എറണാകുളം സ്വദേശി ഗിരീഷ്, ജിസ് മോൻ ഷാജു കെ.എസ്.ആർ.ടി.സി ഡ്രൈവർ ബൈജു, ബസിലെ ഡ്രൈവർ കം കണ്ടക്ടറായ ടി.ഡി. ഗിരീഷ്,ഐശ്വര്യ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.
മൃതദേഹങ്ങളെല്ലാം അവിനാശി ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.
പരിക്കേറ്റവരെ അവിനാശി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടാണ് ബസ് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ടത്. പാലക്കാട്, തൃശ്ശൂർ, എറണാകുളം എന്നിവിടങ്ങളിലേക്ക് റിസർവ് ചെയ്ത യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. ബസിൽ എറണാകുളത്തേക്ക് 25 പേരും, തൃശ്ശൂരേക്ക് 19 പേരും, പാലക്കാട്ടേക്ക് നാലുപേരുമാണ് റിസർവ് ചെയ്തിരുന്നത്.
ലോറിയുടെ ടയർ പൊട്ടി നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ലോറിയിലുണ്ടായിരുന്നവർ ഓടിപ്പോയി. കൂട്ടിയിടിയുടെ ആഘാതത്തിൽ ബസിന്റെ ഒരുഭാഗം പൂർണമായും തകർന്ന നിലയിലാണ്. എറണാകുളം ഡിപ്പോയിലെ വാഹനമാണ് അപകടത്തിൽ പെട്ടത്.
കണ്ടെയ്നർ ലോറി ഇടിച്ച ഭാഗത്തുണ്ടായിരുന്ന യാത്രക്കാർ മരിച്ചുവെന്നാണ് കരുതുന്നത്. ഇവരിൽ ചിലരുടെ ശരീരഭാഗങ്ങൾ ഇടിയുടെ ആഘാതത്തിൽ ഛിന്നഭിന്നമായി പോയിട്ടുണ്ട്. ബസിലും കണ്ടെയ്നർ ലോറിയിലുമായി ചിതറിക്കിടന്ന ശരീര ഭാഗങ്ങൾ പോലീസും രക്ഷാപ്രവർത്തകരും ചേർന്ന് മാറ്റി.
തിരുപ്പൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്ക് മരിച്ചവരുടെ മൃതദേഹങ്ങൾ മാറ്റി. അപകടം നടന്നത് നഗരത്തിൽ നിന്ന് വളരെ അകലെ ആയിരുന്നതിനാലും അർധ രാത്രിയിലായിരുന്നതിനാലും രക്ഷാപ്രവർത്തനം വൈകിയാണ് തുടങ്ങിയത്. ആദ്യം തദ്ദേശവാസികളാണ് രക്ഷാപ്രവർത്തനത്തിനെത്തിയത്. പിന്നീട് ഫയർ ആൻഡ് റെസ്ക്യൂ സംഘവും പോലീസും സ്ഥലത്തെത്തി.
മന്ത്രിമാരായ എ കെ ശശീന്ദ്രനും വി എസ് സുനിൽകുമാറും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.