തിരുവനന്തപുരം: സംസ്ഥാന പൊലീസിന്റെ റൈഫിളുകള്‍ കാണാതായിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിന് തച്ചങ്കരി. തിരുവനന്തപുരം എസ്എപി ക്യാമ്പില്‍ നടത്തിയ പരിശോധനയിൽ സംസ്ഥാനത്തെ എല്ലാ ബെറ്റാലിയനുകളില്‍ നിന്നും ക്യാമ്പുകളില്‍ നിന്നും റൈഫിളുകള്‍ പരിശോധനക്ക് ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതനുസരിച്ചാണ് ക്രൈംബ്രാഞ്ച് മേധാവി ടോമിന് തച്ചങ്കരിയും സംഘവും നേരിട്ടെത്തി പരിശോധന നടത്തിയത്.
കേരളാ പൊലീസിന്റെ അത്യാധുനിക 606 ഇൻസാസ് ഓട്ടോമാറ്റിക് റൈഫിളുകളില്‍ 25 റൈഫിളുകള്‍ നഷ്ടമായെന്നായിരുന്നു സിഎജി കണ്ടെത്തല്‍. സീരിയല്‍ നമ്പര്‍ അനുസരിച്ചായിരുന്നു പരിശോധന. 660 റൈഫിളുകളില്‍ 13 തോക്കുകള്‍ ഒഴികെ ബാക്കി എല്ലാ തോക്കുകളും പൊലീസ് ഹാജരാക്കിയെന്ന് തച്ചങ്കരി പറഞ്ഞു. ഐആര്‍ ബെറ്റാലിയിനില്‍ മണിപ്പൂരില്‍ പരിശീലനത്തിന് പോയവരുടെ കയ്യിലുള്ള തോക്കുകളുടെ ദൃശ്യങ്ങള്‍ തച്ചങ്കരിയേയും സംഘത്തെയും കാണിച്ചു. ഈ തോക്കുകള്‍ മാര്‍ച്ച് മാസത്തോടെ കേരളത്തില്‍ തിരിച്ചെത്തിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ എല്ലാ തോക്കുകളും ഉണ്ടെന്ന പ്രാഥമിക നിഗമനത്തില്‍ ക്രൈംബ്രാഞ്ച് എത്തുകയാണെന്ന് തച്ചങ്കരി പറഞ്ഞു.
കഴിഞ്ഞ ഓഗസ്റ്റില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ക്രൈംബ്രാഞ്ച് അടുത്തിടെയാണ് അന്വേഷണം ശക്തമാക്കിയത്. അതീവ ഗൗരവത്തോടെയാണ് കേസ് കാണുന്നത്. തിരകള്‍ കാണാതായ കേസില്‍ അന്വേഷണം സത്യസന്ധമായും സുതാര്യമായും നടത്തി രണ്ട് മാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കും. കേസ് സി ബി ഐ ക്ക് വിടേണ്ട കാര്യമില്ല. എത്ര ഉന്നതനാണെങ്കിലും ആവശ്യമെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടികൾ ഉണ്ടാകുമെന്ന് തച്ചങ്കരി പറഞ്ഞു.