ന്യൂയോർക്ക്: ലക്ഷകണക്കിനാളുകൾ തന്നെ സ്വീകരിക്കാനെത്തുന്ന ഇന്ത്യാ സന്ദർശനത്തിന് പ്രതീക്ഷയോടെ കാത്തിരിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
ലക്ഷക്കണക്കിന് ഇന്ത്യക്കാർ വിമാനത്താവളത്തിൽ നിന്ന് സ്വീകരിച്ച് ക്രിക്കറ്റ് സ്റ്റേഡിയം വരെ തന്നെ അനുഗമിക്കുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചതായി ട്രംപ് കൂട്ടിച്ചേർത്തു.
‘കഴിഞ്ഞ ദിവസം നടന്ന ഹംഷെയർ റാലിയിൽ വെറും അമ്പതിനായിരം പേരാണ് പങ്കെടുത്തത്. എന്നാൽ ഇന്ത്യയിൽ അൻപത് ലക്ഷത്തിലധികം പേരാണ് വിമാനത്താവളത്തിൽ സ്വാഗതം ചെയ്യാനെത്തുന്നത്. ഇന്ത്യയിൽ പണിതീർന്നു കൊണ്ടിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയത്തിലേക്ക് ഇത്രയധികം ജനങ്ങളാണ് ആനയിക്കുന്നത്. ഇതൊക്കെ നല്ല കാര്യമല്ലേ’. ട്രംപ് പ്രതികരിച്ചു.
ഈ മാസം 24, 25 തീയതികളിലാണ് ട്രംപിന്റെ ഇന്ത്യാ സന്ദർശനം. ന്യൂ ഡെൽഹിയും അഹമ്മദാബാദുമാണ് ട്രംപ് സന്ദർശിക്കുന്നത്. ട്രംപിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. വൈറ്റ് ഹൗസിന്റെ ഔദ്യോഗിക സ്ഥിരീകരണത്തിന് പിന്നാലെയാണ് ഇന്ത്യയിലെ ലക്ഷക്കണക്കിന് ജനങ്ങളെ കാണാനെത്തുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ട്രംപ് അറിയിച്ചത്.
‘ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി എന്റെ സുഹൃത്താണ്, അദ്ദേഹം വളരെ മാന്യനായ വ്യക്തിയാണ്’.
ന്യായമായ രീതിയിലാണ് ഇന്ത്യ മുന്നോട്ട് പോകുന്നതെങ്കിൽ ഇന്ത്യയുമായുള്ള വ്യാപാരക്കരാർ ഒപ്പു വെക്കുമെന്നും ട്രംപ് വ്യക്തമാക്കി.
അതേ സമയം ട്രംപിന്റെ തീരുമാനത്തിൽ അങ്ങേയറ്റം സന്തോഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും ഈ മാസം 24-നാണ് ഇന്ത്യയിലെത്തുക. വിശിഷ്ടാതിഥികൾക്ക് ഇന്ത്യ അവിസ്മരണീയ സ്വീകരണമൊരുക്കുമെന്നും പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.
വളരെ സവിശേഷമായ സന്ദർശനമായിരിക്കും യുഎസ് പ്രസിഡന്റിന്റേത്. ഇന്ത്യ-യുഎസ് സൗഹൃദം ഈ സന്ദർശനത്തിലൂടെ കൂടുതൽ ഊട്ടിഉറപ്പിക്കും. ജനാധിപത്യത്തോടും ബഹുസ്വരതയോടും പൊതുവായ പ്രതിബദ്ധത പുലർത്തുന്നവരാണ് ഇന്ത്യയും യുഎസും. വിശാലമായ വിവിധ വിഷയങ്ങളിൽ ഇരു രാഷ്ട്രങ്ങളും തമ്മിൽ പരസ്പരം സഹകരിച്ച് വരുന്നുണ്ട്. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ശക്തമായ സൗഹൃദം നമ്മുടെ പൗരൻമാരിൽ മാത്രമല്ല ലോകമെമ്പാടും വ്യാപിക്കുന്നുണ്ടെന്നും മോദി തന്റെ ട്വീറ്റിലൂടെ വ്യക്തമാക്കി.