ന്യൂഡെൽഹി: ഡെൽഹി നിയമസഭാ തിരഞ്ഞെടുപ്പിനോടുബന്ധിച്ച് പുറത്തിറക്കിയ പ്രചാരണ ഗാനം ബിജെപിക്ക് പാരയായി.ഗാനത്തിനെതിരേ കമൻറുകളും ഡിസ് ലൈക്കും നിറയുകയാണ്. പൗരത്വ നിയമഭേദഗതി, എൻആർസി, എൻപിആർ എന്നിവയെ ന്യായീകരിച്ച് ഇറക്കിയ ഗാനത്തിനെതിരേ സാമൂഹികമാധ്യമങ്ങളിൽ ചർച്ച കൊഴുക്കുകയാണ്.
ഡെൽഹിയിലെ പ്രതിഷേധക്കാരെ തുരത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടാണ് ഗാനം ആരംഭിക്കുന്നത്. പ്രതിഷേധക്കാരെ അർബൻ നക്സലുകൾ എന്നാണ് ഗാനത്തിൽ വിശേഷിപ്പിക്കുന്നത്. ഇതിനെതിരേയാണ് കമന്റുകൾ നിറയുന്നത്. ഒരാഴ്ച മുമ്പാണ് പ്രചരണ ഗാനം യൂട്യൂബിലൂടെ പുറത്തുവിട്ടത്. ബിജെപി ഔദ്യോഗിക പേജിലൂടെ പുറത്തുവിട്ട രണ്ടു മിനിറ്റിലേറെ ദൈർഘ്യമുള്ള ഗാനം നാലരലക്ഷം പേർ ഇതിനോടകം കണ്ടു.
ഗാനത്തിന് 4300 ലൈക്കുകളും 1.72ലക്ഷം ഡിസ് ലൈക്കുകളുമാണ് ലഭിച്ചിരിക്കുന്നത്.
വീഡിയോ കണ്ട മലയാളികൾ ഉൾപ്പെടെ ഭൂരിഭാഗവും ബി ജെപിയെ നിശിതമായി വിമർശിച്ചിട്ടുമുണ്ട്. ഇന്ത്യൻ ജനാധിപത്യം നശിപ്പിക്കരുത്, യുവാക്കൾ വിഡ്ഢികളല്ല,വ്യാജ വാർത്തകൾ നിർത്തൂ, പൗരത്വ നിയമഭേദഗതി പിൻവലിക്കുക തുടങ്ങി ഒട്ടേറെ പ്രതിഷേധ കമന്റുകളാണ് നിറയെ. പ്രചാരണ ഗാനമിറക്കി പ്രതിരോധത്തിലായെങ്കിലും ഡൽഹിയിൽ നേട്ടമുണ്ടാക്കാനാവുമെന്ന് ബിജെപി നേതൃത്വം കരുതുന്നു.