ന്യൂഡൽഹി: സ്ത്രീകളെ പള്ളി കളിൽ പ്രവേശിക്കുന്നതിനെ അനുകൂലിച്ച് മുസ്ലിം വ്യക്തി നിയമ ബോർഡ്. സ്ത്രീകളെ ആരാധനയ്ക്ക് പ്രവേശിപ്പിക്കുന്നതിനെ ഇസ്ലാം മതം വിലക്കുന്നില്ല. സ്ത്രീകൾ പള്ളികളിൽ പ്രാർത്ഥിക്കണമെന്നോ വെള്ളിയാഴ്ച നിസ്കാരത്തിൽ പങ്കെടുക്കണമെന്നോ മതം നിഷ്കർഷിക്കുന്നില്ലെന്നും ബോർഡ് വ്യക്തമാക്കി.
സ്ത്രീകൾക്കു പള്ളികളിൽ പ്രവേശനം അനുവദിക്കാതിരിക്കുന്നത് ഭരണഘടനാവിരുദ്ധവും മൗലികാവകാശ ലംഘനവുമാണെന്ന് കാണിച്ച് പുനെ സ്വദേശികളായ ദമ്പതികളായ യാസ്മീൻ സുബേർ അഹമ്മദ് പീർസാദ, സുബേർ അഹമ്മദ് നസീർ അഹമ്മദ് പീർസാദ എന്നിവർ നൽകിയ ഹർജിയിലാണ് മുസ്ലിം വ്യക്തി നിയമ ബോർഡ് സുപ്രീംകോടതിയിൽ സത്യവാങ് മൂലം സമർപ്പിച്ചത്.
പള്ളികൾ സ്വകാര്യ സ്ഥാപനങ്ങളാണ്. അവിടുത്തെ ആചാരങ്ങൾ തീരുമാനിക്കേണ്ടത് പള്ളികളുടെ ഭരണസമിതികളാണ്. മുസ്ലിം വ്യക്തി നിയമ ബോർഡിന് വിദഗ്ദ സമിതി എന്ന നിലയിൽ അഭിപ്രായം പറയാൻ മാത്രമേ കഴിയുകയുള്ളു. പള്ളികൾക്കുമേൽ മറ്റു അധികാരങ്ങൾ ഒന്നുമില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
മതപരമായ ആചാരങ്ങളിൽ കോടതി ഇടപെടരുതെന്നും മുസ്ലിം വ്യക്തി നിയമ ബോർഡ് ആവശ്യപ്പെട്ടു. ഭരണഘടനയുടെ 14, 15,21 ,25 29 അനുച്ഛേദങ്ങളുടെ അടിസ്ഥാനത്തിൽ കോടതികൾ മതാചാരങ്ങളിൽ ഇടപെടുന്നത് അനുചിതമാണെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.
വിശാല ബെഞ്ച് ഇക്കാര്യത്തിൽ വാദം കേൾക്കും.