തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം റദ്ദാക്കും വരെ പോരാട്ടം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മതാടിസ്ഥാനത്തിൽ ജനങ്ങളെ വേര്‍തിരിക്കുന്ന നിയമം റദ്ദാക്കും വരെ വിശ്രമമില്ല.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇടത് മുന്നണി സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിഎഎയും എന്‍പിആറും എന്‍ആര്‍സിയും കേരള മണ്ണില്‍ നടക്കില്ല. ഇതിവിടെ നടപ്പാക്കില്ലെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ട് മാത്രമായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്താകെ വിദ്യാര്‍ഥികളും യുവാക്കളും ഏറ്റെടുത്ത സമരമാണ്. പൗരത്വ നിയമത്തിൽ തിരുത്തൽ വേണമെന്ന് ലോക രാജ്യങ്ങൾ പോലും ആവശ്യപ്പെടുന്നു. കാസര്‍ഗോഡ് മുതൽ കളിയിക്കാവിളവരെ മനുഷ്യ മഹാശൃംഖലയിൽ അണിനിരന്നവര്‍ പ്രതിരോധത്തിന്റെ മനുഷ്യ മതിലാണ് തീര്ത്തനെന്നും പിണറായി വിജയൻ പറഞ്ഞു.
അതേ സമയം പൗരത്വ ബില്ലിന് എതിരായി തീർത്ത മനുഷ്യ മഹാശ്യംഖലയിൽ ന്യൂനപക്ഷ മേഖലയിൽ നിന്ന് ധാരാളം പേരെ അണിനിരത്താൻ എൽഡിഎഫിന് കഴിഞ്ഞു. മലബാർ മേഖലയിൽ ഇത് വളരെ പ്രകടമായി. കാന്തപുരം വിഭാഗത്തെക്കൂടാതെ എക്കാലവും മുസ്ലിം ലീഗിനൊപ്പം നിന്ന ഇ കെ വിഭാഗത്തെയും പങ്കാളികളാക്കാൻ ഇടതിന് കഴിഞ്ഞു. സാഹിത്യ സാംസ്ക്കാരിക നായകരും ശ്യംഖലയിൽ പങ്കെടുത്ത് പൗരത്വ ബില്ലിന് എതിരേ പ്രതിഷേധം രേഖപ്പെടുത്തി.