കൊച്ചി: ചൈനയിൽനിന്ന് പനിയോടെ മടങ്ങിയെത്തിയ വിദ്യാർഥി നിരീക്ഷണത്തിൽ. കൊറോണ വൈറസ് ബാധയെന്ന സംശയത്തെ തുടർന്ന് ചൈനയിൽ നിന്നെത്തിയ വിദ്യാർഥിയെയാണ് എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഇതോടെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം നാലായി. പെരുമ്പാവൂര്‍, ചങ്ങാനാശേരി സ്വദേശികളാണ് എറണാകുളം മെഡിക്കല്‍ കോളജിലും സ്വകാര്യ ആശുപത്രിയിലുമായി നിരീക്ഷണത്തിലുള്ളത്. കോട്ടയം, മലപ്പുറം സ്വദേശികളായ മറ്റു രണ്ടുപേര്‍കൂടി ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്. പൂന നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് പരിശോധനാഫലം വരുന്നതുവരെ ഇവര്‍ ഐസലേഷന്‍ വാര്‍ഡുകളില്‍ തുടരും. ആറു പേർ വീടുകളിലും നിരീക്ഷണത്തിലാണ്.സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര സംഘം ഞായറാഴ്ച കൊച്ചിയിലെത്തും.
പനിയില്ലെങ്കിലും ചൈനയില്‍നിന്ന് അടുത്ത ദിവസങ്ങളില്‍ മടങ്ങിയെത്തിയ എല്ലാവരും 28 ദിവസം നിരീക്ഷണത്തിലായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.ഇന്ത്യയിലാകെ 13 പേർ നിരീക്ഷണത്തിലുണ്ട്.
വൈറസ് ഭീഷണിയുടെ പശ്ചാതലത്തിൽ കേന്ദ ആരോഗ്യ മന്ത്രി ഡോ. ഹർഷവർധൻ ഡൽഹിയിൽ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് സ്ഥിതി വിലയിരുത്തി.
വൈറസ് ഭീഷണിയെ തുടർന്ന് പരിശോധന കർശനമാക്കിയ കൊച്ചി, ബംഗളൂരു, ചെന്നൈ ഉൾപ്പെടെ രാജ്യത്ത് ഏഴു വിമാനത്താവളങ്ങളിലേക്ക് കേന്ദ്ര സംഘത്തെ അയക്കാനും ആരോഗ്യമന്ത്രി നിർദേശിച്ചു.