ബിജെപിക്ക് എതിരെ ദേശീയ തലത്തില്‍ ശക്തമായ പ്രതിപക്ഷം സൃഷ്ടിച്ചെടുക്കാന്‍ മുന്‍ തെരഞ്ഞെടുപ്പുകളില്‍ പരമാവധി ശ്രമിച്ചെങ്കിലും ഒന്നും ഫലപ്രദമായില്ല. പല പ്രാദേശിക പാര്‍ട്ടികളുടെ നേതാക്കളും ഒത്തുപിടിച്ച് നോക്കിയെങ്കിലും അവരവരുടെ പാര്‍ട്ടി മുന്നില്‍ എത്തണമെന്ന പിടിവാശി എതിര്‍പക്ഷത്തിന് ഗുണമായി ഫലിച്ചു. എന്നാല്‍ പൗരത്വ നിയമത്തിനും, ദേശീയ പൗരത്വ രജിസ്റ്ററും എതിരായ പ്രതിഷേധങ്ങള്‍ അത്തരം അഭിപ്രായവ്യത്യാസങ്ങള്‍ക്ക് അപ്പുറമുള്ള ഒരു ‘മഹാപ്രതിപക്ഷത്തെ’ സൃഷ്ടിക്കുകയാണ്.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ജനാധിപത്യത്തെ സംരക്ഷിക്കാന്‍ പദ്ധതി തയ്യാറാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍സിപി മേധാവി ശരത് പവാറിന് കത്തയച്ചത് ഇത് മുന്‍കൂട്ടി കണ്ടാണ്. സിഎഎ, എന്‍ആര്‍സി എന്നിവയ്ക്ക് എതിരായി ശക്തമായി നിലകൊള്ളുന്ന ദീദിക്ക് പിന്തുണ വാഗ്ദാനം ചെയ്താണ് പവാര്‍ മറുപടി അയച്ചിരിക്കുന്നത്. എന്നുമാത്രമല്ല കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിന് എതിരെ കൃത്യതയുള്ള പദ്ധതി തയ്യാറാക്കുന്നതിലും ശരത് പവാര്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട നടപടികളിലേക്ക് കടന്നാല്‍ തന്നെ അറിയിക്കാന്‍ പവാര്‍ കത്തില്‍ വ്യക്തമാക്കി. ഡിസംബര്‍ 23നാണ് ബാനര്‍ജി സിഎഎ, എന്‍ആര്‍സി എന്നിവയ്ക്ക് എതിരെ രാജ്യത്ത് ജനങ്ങള്‍ ഭയപ്പാടിലാണെന്ന് ചൂണ്ടിക്കാണിച്ച് പവാറിന് കത്തയച്ചത്. പ്രതിപക്ഷം ഒന്നിച്ച് നിന്ന് കേന്ദ്രത്തിലെ ഉരുക്കുമുഷ്ടിയെ നേരിടണമെന്ന് അവര്‍ വാദിച്ചു. കേന്ദ്രത്തിന് എതിരെ വിദ്യാര്‍ത്ഥികള്‍ രംഗത്തിറങ്ങി കഴിഞ്ഞെന്നും മമത വാദിച്ചു.
എന്തായാലും ബംഗാള്‍ സര്‍ക്കാര്‍ അരയും തലയും മുറുക്കി രംഗത്ത് വന്നിരിക്കുന്നത് മോദി സര്‍ക്കാരിന് എതിരായ ഒരു പ്രതിപക്ഷ ഐക്യത്തിന് നേതൃത്വം നല്‍കാനുള്ള ലക്ഷ്യത്തോടെയാണെന്ന് ഇതോടെ വ്യക്തമാകുകയാണ്. എന്നാല്‍ എല്ലാ പ്രതിപക്ഷ സഖ്യത്തിന്റെയും തലപ്പത്ത് കയറിപ്പറ്റാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങളാണ് മുന്‍പ് തടസ്സങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളത്. ഇക്കുറി അതിനെ മറികടക്കാനുള്ള തന്ത്രപരമായ നീക്കങ്ങളാണ് തൃണമൂല്‍ നേതാവ് സ്വീകരിക്കുന്നത്.