യുവതീപ്രവേശം; നിയമോപദേശം തേടി സര്‍ക്കാരും ദേവസ്വംബോര്‍ഡും

തിരുവനന്തപുരം: ശബരിമലയിലേക്ക് തല്‍ക്കാലം യുവതികളെ പ്രവേശിക്കേണ്ടെന്ന നിലപാടില്‍ സര്‍ക്കാര്‍. യുവതീപ്രവേശന വിധിക്ക് സ്റ്റേയില്ലെങ്കിലും യുവതികളെത്തിയാല്‍ വിധിയിലെ സങ്കീര്‍ണത ചൂണ്ടിക്കാട്ടി പ്രവേശനം തടയാനാണ് സര്‍ക്കാരിന്റെ ആലോചന. ഇതുസംബന്ധിച്ച്‌ സുപ്രീംകോടതി അഭിഭാഷകനോട് സര്‍ക്കാര്‍ നിയമോപദേശം തേടും. തുടര്‍ നടപടികള്‍ ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചര്‍ച്ചചെയ്യും. ശബരിമല യുവതീ പ്രവേശത്തിന്‍മേലുള്ള പുനഃപരിശോധന ഹര്‍ജിയില്‍ തീരുമാനമെടുക്കാതെയും വിധി സ്റ്റേ ചെയ്യാതെയും വിശാല ബെഞ്ചിലേക്ക് വിഷയം പോയതോടെയാണ് സര്‍ക്കാരിന് ആശയകുഴപ്പമുണ്ടായത്. വിധിയെ സംബന്ധിച്ച്‌ നിയമോപദേശം ലഭിക്കട്ടെ എന്നാണ് മുഖ്യമന്ത്രി നിലപാടെടുത്തത്.  അന്തിമമവിധി വരുന്നത്‌വരെ യുവതീ പ്രവേശം തടഞ്ഞ് എങ്ങനെ ക്രമസമാധാന പ്രശ്നങ്ങള്‍ ഒഴിവാക്കാമെന്നതാണ് സര്‍ക്കാരിന്റെ ആലോചന.

അതേസമയം, ശബരിമല യുവതീ പ്രവേശനത്തിലെ സുപ്രീംകോടതി വിധിയില്‍ സ്വീകരിക്കേണ്ട തുടര്‍നിലപാടുകള്‍ നിയമവിദഗ്ദ്ധരുമായി കൂടിയാലോചന നടത്തിയ ശേഷമാണ് ദേവസ്വംബോര്‍ഡും തീരുമാനിക്കുക. ഇന്ന് പുതിയ ബോര്‍ഡിന്റെ ആദ്യ യോഗം ചേരുമെങ്കിലും, ശബരിമല കേസില്‍ സുപ്രീംകോടതിയില്‍ വാദിച്ച അഭിഭാഷകരുമായി ചര്‍ച്ച ചെയ്ത ശേഷം മാത്രമേ അന്തിമാഭിപ്രായം വ്യക്തമാക്കുകയുള്ളു.

യുവതീ പ്രവേശന വിധി പുനഃപരിശോധിക്കണമെന്ന ഹര്‍ജികളാണ് സുപ്രീംകോടതി മാറ്റിവച്ചത്. മതസ്വാതന്ത്ര്യവും മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട ഏഴ് ഭരണഘടനാപ്രശ്നങ്ങള്‍ പരിശോധിക്കാന്‍ ഏഴംഗ വിശാലബെഞ്ച് രൂപീകരിക്കാനും ഇതില്‍ നിന്ന് ഉത്തരങ്ങള്‍ കിട്ടുന്നതുവരെ ശബരിമല റിവ്യൂ, റിട്ട് ഹര്‍ജികള്‍ തീര്‍പ്പാക്കുന്നത് മാറ്റിവയ്ക്കാനുമാണ് ഇന്നലെ ഭൂരിപക്ഷ വിധിയിലൂടെ സുപ്രീംകോടതി തീരുമാനിച്ചത്. അതേസമയം ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച 2018 സെപ്തംബര്‍ 28ലെ വിധി സ്റ്റേ ചെയ്തിട്ടില്ല.

അടുത്ത ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയാണ് വിശാല ബെഞ്ച് രൂപീകരിക്കുക. വിശ്വാസത്തില്‍ കോടതിക്ക് എത്രമാത്രം ഇടപെടാം, മതപരമായ കാര്യത്തില്‍ മതത്തിനു പുറത്തുള്ളയാളുടെ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കാമോ തുടങ്ങി ഭരണഘടനാ വകുപ്പുകളും മതങ്ങളും സംബന്ധിച്ച ഏഴു ചോദ്യങ്ങളാണു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ഉന്നയിച്ചത്. ഇൗ ഏഴ് ചോദ്യങ്ങള്‍ക്ക് പുറമെ, കേരളത്തിലെ ക്ഷേത്രങ്ങളില്‍ ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് ക്ഷേത്രപ്രവേശനം വിലക്കുന്ന 1965- ലെ കേരള ഹിന്ദു പൊതു ആരാധനാസ്ഥല ചട്ടത്തിന്റെ മൂന്നാം(ബി) വകുപ്പ് ശബരിമലയ്ക്ക് ബാധകമാണോയെന്ന് ആവശ്യമെങ്കില്‍ വിശാല ബെഞ്ചിന് പരിശോധിക്കാമെന്നും വിധിയില്‍ വ്യക്തമാക്കി