സ്വകാര്യസ്ഥാപനങ്ങളിലെ സ്ത്രീസുരക്ഷാചട്ടം സര്‍ക്കാര്‍ റദ്ദാക്കുന്നു

തിരുവനന്തപുരം: സ്വകാര്യസ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ തടയാനുള്ള ചട്ടം സര്‍ക്കാര്‍ റദ്ദാക്കുന്നു. കേരള ഷോപ്പ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് ചട്ടത്തിലെ വ്യവസ്ഥ ഒഴിവാക്കി തൊഴില്‍വകുപ്പ് കരട് ചട്ടം പ്രസിദ്ധീകരിച്ചു.

തൊഴിലിടത്തിലെ സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ തടയാനുള്ള കേന്ദ്ര നിയമത്തിലെ വ്യവസ്ഥകള്‍ മാത്രമാണ് ഇനിയുണ്ടാകുക. കേന്ദ്രനിയമം പൂര്‍ണമായി പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ലേബര്‍ ഓഫീസര്‍ക്ക് അധികാരമുണ്ടാകില്ല. 2007-ലാണ് കേരളത്തില്‍ കര്‍ശന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവന്നത്. കേന്ദ്ര നിയമം വന്നത് 2013-ലും.  .

സ്വകാര്യസ്ഥാപനങ്ങളിലെ സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമം തടയല്‍ നടപടി ഇനി ദുര്‍ബലപ്പെടുമെന്ന് ആശങ്കയുണ്ട്.

സംസ്ഥാനനിയമം ഇങ്ങനെ

* ഓരോ സ്ഥാപനത്തിലെയും മുതിര്‍ന്ന ജീവനക്കാരിയെ അധ്യക്ഷയാക്കി പ്രത്യേക പരാതി പരിശോധനാ സമിതി. ഈ സമിതി മൂന്നുമാസം കൂടുമ്ബോള്‍ യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തണം. വാര്‍ഷിക റിപ്പോര്‍ട്ട് നല്‍കണം. ഇതു പരിശോധിക്കാനുള്ള ചുമതല ലേബര്‍ ഓഫീസര്‍ക്ക്. നിര്‍ദേശങ്ങളിലേതെങ്കിലും ലംഘിക്കപ്പെട്ടാല്‍ തൊഴിലുടമയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ലേബര്‍ ഓഫീസര്‍ക്കു ശുപാര്‍ശ ചെയ്യാം. സമിതി രൂപവത്കരിക്കാത്തതുള്‍പ്പെടെ എന്തെങ്കിലും ലംഘനങ്ങളുണ്ടായാല്‍ സ്ഥാപനത്തിന് രണ്ടുലക്ഷം രൂപവരെ പിഴ ചുമത്താം.

* പരാതി പരിശോധനാ സമിതിക്ക് അച്ചടക്ക നടപടി സ്വീകരിക്കാനും അധികാരം. ഗൗരവമായ കുറ്റമാണ് ചെയ്തതെങ്കില്‍ അത് പോലീസിന് കൈമാറണം.

കേന്ദ്രനിയമം ഇങ്ങനെ

* എല്ലാ തൊഴിലിടത്തിലും ‘ആഭ്യന്തര പരാതിപരിഹാര സമിതി’ രൂപവത്കരിക്കണം. കളക്ടര്‍ക്ക് സ്വമേധയാ റിപ്പോര്‍ട്ട് ചെയ്യണം. അതില്‍ വീഴ്ചവരുത്തിയാല്‍ 50,000 രൂപ പിഴ ചുമത്താം.

* ഇക്കാര്യം പരിശോധിക്കാനുള്ള അധികാരിയെ നിശ്ചയിച്ചിട്ടില്ല.