ന്യൂഡല്‍ഹി: കശ്മീരിലെ നിര്‍ത്തിവെച്ച തീവണ്ടി സര്‍വീസുകള്‍ ചൊവ്വാഴ്ച പുനരാരംഭിക്കാനൊരുങ്ങി റെയില്‍വെ. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കുന്നതിന് തൊട്ടുമുമ്ബാണ് ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചത്.
സ്ഥിതിഗതികള്‍ മെച്ചപ്പെട്ട സാഹചര്യത്തില്‍ ട്രെയിന്‍ സര്‍വീസ് ചൊവ്വാഴ്ച പുനരാരംഭിക്കുമെന്ന് റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി. ശ്രീനഗര്‍ – ബരാമുള്ള റൂട്ടിലെ തീവണ്ടി സര്‍വീസുകളാവും ആദ്യം പുനരാരംഭിക്കുക. തീവണ്ടികള്‍ ഓടിത്തുടങ്ങുന്നതോടെ കശ്മീരിലെ വിനോദ സഞ്ചാരവും വ്യവസായങ്ങളും ശക്തി പ്രാപിക്കുമെന്ന് കേന്ദ്രമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.
നോര്‍ത്തേണ്‍ റെയില്‍വെ ഡിവിഷണല്‍ മാനേജര്‍ രാകേഷ് അഗര്‍വാള്‍ കഴിഞ്ഞ ദിവസം ബദ്ഗാമില്‍നിന്ന് ബരാമുള്ളയിലേക്ക് തീവണ്ടിയില്‍ സന്ദര്‍ശിച്ച് സുരക്ഷ അടക്കമുള്ള കാര്യങ്ങള്‍ വിലയിരുത്തിയിരുന്നു.