രാജ്യത്തിന്‍റെ വ്യവസായ ഉല്‍പാദനത്തില്‍ വന്‍ ഇടിവ്

ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ വ്യവസായ ഉല്‍പാദനത്തില്‍ വന്‍ ഇടിവ്. തുടര്‍ച്ചയായി രണ്ടാംമാസമാണ് രാജ്യത്തെ വ്യവസായ ഉത്പാദന സൂചികയില്‍ ഇടിവ് രേഖപ്പെടുത്തുന്നത്. സെപ്‌തംബറില്‍ സൂചികയില്‍ 4.3 ശതമാനം ഇടിവുണ്ടായി. രാജ്യത്തെ സാമ്ബത്തികമാന്ദ്യം വ്യവസായരം​ഗത്തെ ബാധിച്ചതായിഇതു വ്യക്തമാക്കുന്നത്.

ആ​ഗസ്തില്‍ 1.1 ശതമാനമായിരുന്നു ഇടിവ്. വാഹനനിര്‍മാണ മേഖലയിലാണ് ഏറ്റവും കൂടുതല്‍ ഇടിവുണ്ടായത്. 24.8 ശതമാനമാണ് ഇടിവ്. ഫര്‍ണീച്ചര്‍ നിര്‍മാണ മേഖല 22 ശതമാനം ഇടിഞ്ഞു. വൈദ്യുതി ഉപഭോ​ഗവും ഇടിഞ്ഞു. ഇന്ത്യയുടെ വൈദ്യുതി ഉപഭോ​ഗം തുടര്‍ച്ചയായി ഇടിവ്‌ രേഖപ്പെടുത്തി. തുടര്‍ച്ചയായി മൂന്നാം മാസമാണ്‌ വൈദ്യുതി ഉപയോഗം ഇടിയുന്നത്‌. ഒക്‌ടോബറില്‍മാത്രം 13.2 ശതമാനമാണ്‌ ഇടിഞ്ഞത്‌. 12 വര്‍ഷത്തിനിടെയുള്ള ഏറ്റവും രൂക്ഷമായ ഇടിവാണിത്‌.

വ്യവസായ മേഖലകളില്‍ നേരിടുന്ന സാമ്ബത്തിക മാന്ദ്യത്തിന്റെ സൂചനയാണിത്‌. വ്യവസായ കേന്ദ്രമായ മഹാരാഷ്‌ട്രയിലും ഗുജറാത്തിലും തമിഴ്‌നാട്ടിലും കഴിഞ്ഞ മാസങ്ങളില്‍ വൈദ്യുതി ഉപയോഗം കുറഞ്ഞു. വന്‍കിടരംഗത്തെ ഉല്‍പ്പാദനം കുറയുകയാണ്‌. വാഹന നിര്‍മാണ മേഖലയിലും വസ്ത്ര നിര്‍മാണ രംഗത്തേയും നിരവധി ഫാക്ടറികളാണ് ചുരുങ്ങിയ കാലംകൊണ്ട് അടച്ചുപൂട്ടേണ്ടി വന്നത്.