ന്യൂഡല്‍ഹി: ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ മിസൈല്‍ എസ്-400 ട്രയംഫ് മിസൈല്‍ കൈമാറുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ റഷ്യയോട് ഇന്ത്യ. ഇന്ത്യയുടെ നടപടിയില്‍ ആശങ്കയിലാണ് പാക്കിസ്ഥാന്‍, ചൈന, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍. ചാരവിമാനങ്ങള്‍, ബോംബറുകള്‍, യുദ്ധവിമാനങ്ങള്‍, മിസൈലുകള്‍, 380 കി.മീ വരെ ദൂരപരിധിയിലുള്ള ഡ്രോണുകള്‍ തുടങ്ങിയവ കണ്ടെത്തി നശിപ്പിക്കാന്‍ തക്ക ശേഷിയുള്ളവയാണ് റഷ്യയില്‍ വികസിപ്പിച്ചെടുത്ത എസ്-400 ട്രയംഫ് മിസൈലുകള്‍.
2018 ഒക്ടോബറില്‍ റഷ്യയിലെ മോസ്കോയില്‍നടന്ന 19-ാമത് ഇന്ത്യ- റഷ്യ സൈനികസഹകരണ ചര്‍ച്ചയിലാണ് അത്യാധുനിക മിസൈലുകള്‍ വാങ്ങാനുള്ള തീരുമാനമായത്. കരയില്‍ നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന മിസൈല്‍സംവിധാനം (എസ്.എ.എം) ആണിത്. ഇത്തരത്തിലുള്ള അഞ്ച് മിസൈലുകള്‍ കൈമാറാനാണ് റഷ്യയുമായുള്ള കരാര്‍. 40,000 കോടി രൂപയുടെ കരാറില്‍, ആദ്യഘട്ടമായ 6,000 കോടിരൂപ ഇന്ത്യ റഷ്യയ്ക്ക് നല്‍കിയിരുന്നു. അമേരിക്കയുടെ ഉപരോധഭീഷണി അവഗണിച്ചായിരുന്നു ഇത്.
അമേരിക്കയ്ക്ക് പോലും പരീക്ഷിക്കാന്‍ കഴിയാത്ത ടെക്‌നോളജിയാണ് എസ്-400 ട്രയംഫില്‍ റഷ്യ ഉപയോഗിച്ചിരിക്കുന്നത്. ചൈനയും സമാനമിസൈല്‍ സംവിധാനം റഷ്യയില്‍നിന്ന് വാങ്ങിയിരുന്നു. 2020നും 23നും ഇടയില്‍ മിസൈലുകള്‍ കൈമാറാനാണ് കരാര്‍. റഷ്യയുമായുള്ള കരാറിന് പുറമെ, 59,000 കോടി മുടക്കി ഫ്രാന്‍സില്‍നിന്നു വാങ്ങുന്ന റഫാല്‍ യുദ്ധവിമാനങ്ങളും കൂടിയെത്തുന്നതോടെ ഇന്ത്യയുടെ സൈനികശക്തി വലിയതോതിലാണ് വര്‍ദ്ധിക്കുക.