തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയില്‍ ബഫര്‍ സോണ്‍ മേഖലയായി തിരിക്കുന്ന ഭൂമിയുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കില്ലെന്ന് വ്യക്തമാക്കി കെ റെയില്‍ അധികൃതര്‍. കല്ലിടുന്ന പ്രദേശം മാത്രമാണ് സ്ഥലം ഏറ്റെടുക്കല്‍ പരിധിയില്‍ വരുന്നത്. ഈ സ്ഥലത്തിന് നഷ്ടപരിഹാരം ലഭിക്കുമെന്ന് അവര്‍ വ്യക്തമാക്കി.
സമതല പ്രദേശത്ത് 15 മീറ്റര്‍ വീതിയിലും കുന്നും മലയും ഉള്ള സ്ഥലങ്ങളില്‍ 25 മീറ്റര്‍ വീതിയിലുമാണ് കെ റെയിലിനായി സ്ഥലം ഏറ്റെടുക്കുന്നത്. ഇങ്ങനെ ഏറ്റെടുക്കുന്ന സ്ഥലത്തിനാണ് നഷ്ടപരിഹാരം നല്‍കുന്നത്. ഈ സ്ഥലത്തിന്റെ ഇരുവശത്തും പത്ത് മീറ്റര്‍ വീതിയിലാണ് ബഫര്‍സോണ്‍ നിശ്ചയിച്ചിട്ടുള്ളത്. ബഫര്‍സോണായി തിരിക്കുന്ന ഈ സ്ഥലത്തിന്റെ ഉടമകള്‍ക്ക് നഷ്ടപരിഹാരം കിട്ടുകയില്ല.
കൂടാതെ ബഫര്‍സോണിലെ അഞ്ചു മീറ്ററില്‍ ഒരു നിര്‍മാണ പ്രവര്‍ത്തനങ്ങളും അനുവദിക്കുകയില്ല. ബാക്കി അഞ്ചു മീറ്ററില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രത്യേക അനുമതിയും വേണം. ഭാവി വികസനവും സുരക്ഷയും പരിഗണിച്ചു മാത്രമേ ഈ അഞ്ച് മീറ്ററില്‍ നിര്‍മാണത്തിന് അനുമതി നല്‍കുകയുള്ളൂ.