ഇന്ധന വിലവര്‍ധനവില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം; സഭ നിര്‍ത്തിവച്ചു

ന്യൂ ഡെല്‍ഹി: ഇന്ധന വിലവര്‍ധനവില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം. പ്രതിഷേധത്തെ തുടര്‍ന്ന് ലോക്‌സഭയും രാജ്യസഭയും നിര്‍ത്തിവച്ചു. ഇന്ധന വില വര്‍ധനവിനെതിരെ പ്ലക്കാര്‍ഡുകളുമായെത്തിയ പ്രതിപക്ഷ എംപിമാര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. വിഷയം ഇപ്പോള്‍ ഉന്നയിക്കാനാവില്ലെന്ന് രാജ്യസഭാധ്യക്ഷന്‍ പറഞ്ഞതോടെ പ്രതിഷേധം ശക്തമായി.

ഇന്ധന വിലവര്‍ധനവിനെതിരെ ലോക്‌സഭയില്‍ കെ മുരളീധരന്‍ എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. രാജ്യസഭയില്‍ കോണ്‍ഗ്രസ് എംപി ശക്തി സിങ് ഗോഹിലാണ് നോട്ടീസ് നല്‍കിയത്. ഇന്ധന പാചക വാതക വില വര്‍ധനവ് ചര്‍ച്ച ചെയ്യണമെന്ന ആവശ്യപ്പെട്ട് ഇന്നലെയും പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

ഇന്ധന-പാചകവാതക വില വര്‍ധന വിഷയം സഭാ നടപടികള്‍ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ഇന്നലെ ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ നിരസിക്കുകയായിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ്, ടിഎംസി, സിപിഎം, അടക്കമുള്ള പതിനൊന്ന് പാര്‍ട്ടികളിലെ എംപിമാര്‍ സഭ നടപടികള്‍ ബഹിഷ്‌കരിച്ചിരുന്നു. ഇന്ധന വില വര്‍ധനയിലൂടെ പാവപ്പെട്ടവരെ കൊള്ളയടിച്ച് പതിനായിരം കോടി രൂപ മോദി സര്‍ക്കാര്‍ സമ്പാദിക്കുന്നുവെന്ന് കോണ്‍ഗ്രസ് രാജ്യസഭാ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെ പറഞ്ഞിരുന്നു.

അതേസമയം തുടര്‍ച്ചയായ രണ്ടാം ദിവസവും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കൂട്ടി. ഇന്ന് പെട്രോളിന് 90 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. രണ്ട് ദിവസത്തിനുള്ളില്‍ പെട്രോളിന് ഒരു രൂപ 78 പൈസയും ഡീസലിന് 69 പൈസയുമാണ് കൂട്ടിയത്. ഇന്നലെ പെട്രോള്‍ ലീറ്ററിന് 87 പൈസയും ഡീസല്‍ ലീറ്ററിന് 85 പൈസയുമാണ് കൂട്ടിയത്. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ചയിലേറെ കഴിഞ്ഞതിനുശേഷമാണ് ഇപ്പോഴത്തെ വര്‍ധന.