ന്യൂ ഡെല്‍ഹി: രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം കുറയുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കൊറോണ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്ന് കേന്ദ്രം. കൊറോണ പ്രതിരോധത്തിനായി 2005ലെ ദുരന്ത നിവാരണ നിയമപ്രകാരം ഏര്‍പ്പെടുത്തിയിരുന്ന നടപടികള്‍ പിന്‍വലിക്കണമെന്നാണ് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടത്.
മാസ്ക്, ആള്‍ക്കൂട്ടം, കൊറോണ നിയന്ത്രണ ലംഘനം എന്നിവയ്ക്ക് കേസെടുക്കേണ്ടയെന്ന് കേന്ദ്രം വ്യക്തമാക്കി. അതേസമയം മാസ്ക് ഉപയോഗം, കൈകഴുകല്‍ തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ തുടരണമെന്നും കേന്ദ്രം അറിയിച്ചു. ഭാവിയില്‍ കൊറോണ രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ സംസ്ഥാനങ്ങള്‍ക്ക് ഉചിതമായ നടപടികള്‍ സ്വീകരിക്കാമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല വ്യക്തമാക്കി.
കൊറോണ വ്യാപനം തടയാന്‍ 2020 ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഉത്തരവിന്റെ കാലാവധി വെള്ളിയാഴ്ച അവസാനിക്കുകയാണ്. ഇതിന് ശേഷം ഈ നിയന്ത്രണങ്ങള്‍ തുടരേണ്ടതില്ലെങ്കിലും മാസ്കും സാനിറ്റൈസറും ഒഴിവാക്കാത്തതാണ് നല്ലതെന്നാണ് കേന്ദ്ര നിര്‍ദ്ദേശം.