കീവ്: രണ്ടാം ലോക യുദ്ധത്തിന്റെ ക്രൂരതകളെ അതിജീവിച്ച 96 വയസുകാരന് റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ബോറിസ് റൊമന്ഷെങ്കോവാണ് കഴിഞ്ഞ ദിവസം നടന്ന റഷ്യന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത്. യുക്രൈന് സ്വദേശിയായ തൊണ്ണൂറ്റിയാറുകാരന് ബോറിസ് നാസി ക്യാമ്പുകളെയും കൂട്ടക്കൊലകളെയും അതിജീവിച്ച വ്യക്തിയാണ്.
‘ഹിറ്റ്ലറെ അതിജീവിച്ചയാള്‍, പുട്ടിനാല്‍ കൊല്ലപ്പെട്ടു’ എന്ന് യുക്രൈന് വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ പ്രതികരിച്ചിരുന്നു. രണ്ടാം ലോകയുദ്ധകാലത്ത് നാസികളുടെ നാല് കോണ്സണ്ട്രേഷന് ക്യാമ്പിലെ ക്രൂരതകളെയാണ് ബോറിസ് അതിജീവിച്ചത്.
ഹാര്കീവിലാണ് അദ്ദേഹം താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ വീട് റഷ്യന്‍ ബോംബാക്രമണത്തില്‍ കത്തി നശിക്കുകയായിരുന്നു. കത്തിയെരിയുന്ന വീടിന്റെ ദൃശ്യങ്ങള്‍ പ്രദേശവാസികള്‍ അയച്ചു തന്നപ്പോഴാണ് സംഭവം അറിഞ്ഞതെന്ന് ബോറിസിന്റെ കൊച്ചുമകള്‍ യൂലിയ റൊമന്ഷെങ്കോ പ്രതികരിച്ചു.