ദുബായ്: സമയക്രമത്തില്‍ മാറ്റം, അബുദാബി വിമാനം കേരളത്തിലെത്തുന്നത് വൈകും.
യാത്രക്കാരെയും വഹിച്ചുള്ള ആദ്യ വിമാനം അബുദാബിയിൽ നിന്നും പുറപ്പെട്ടു. വിമാനം കേരളത്തിലെത്തുന്ന സമയത്തില്‍ മാറ്റമുണ്ട്. നിലവില്‍ ലഭിക്കുന്ന വിവരമനുസരിച്ച് 10:17 നായിരിക്കും വിമാനം കേരളത്തിലെത്തുക.
അബുദാബിയിലും ദുബായിലും യാത്രക്കാരുടെ ബോർഡിംഗ് പൂർത്തിയായി. എല്ലാ യാത്രക്കാരും വിമാനങ്ങളിൽ കയറി. അബുദാബി- കൊച്ചി വിമാനത്തിൽ 177 യാത്രക്കാരാണുള്ളത്. നാല് കുഞ്ഞുങ്ങളുമുണ്ട്. ദുബായ്-കരിപ്പൂര്‍ വിമാനത്തില്‍ 177 യാത്രക്കാരും 5 കുഞ്ഞുങ്ങളുമുണ്ട്.
കൊച്ചിയിൽ നിന്ന് ഉച്ചയ്ക്ക് പുറപ്പെട്ട ഇന്ത്യൻ സമയം അഞ്ച് മണിയോടെയാണ് അബുദാബിയിലെത്തിയത്. പ്രതീക്ഷിച്ചതിനും 20 മിനിറ്റ് മുമ്പേ എയർ ഇന്ത്യ എക്സ്പ്രസ് ലാൻഡ് ചെയ്തു. ആളുകളെ കൃത്യമായ മാനദണ്ഡങ്ങളോടെ കയറ്റി. അബുദാബിയിലും ദുബായിലുമായി ഇതുവരെ പരിശോധന നടത്തിയ ആർക്കും കൊറോണ ലക്ഷണങ്ങളില്ല. രണ്ട് വിമാനങ്ങളിലുമായി 354 പേരാണ് വരുന്നത്. അബുദാബി ഫ്ലൈറ്റ് 10.17-നാകും കൊച്ചിയിൽ ലാൻഡ് ചെയ്യുക എന്നാണ് ഏറ്റവും പുതിയ വിവരം.
രണ്ട് വിമാനങ്ങളിലുമായി 177 പേർ വീതമാണുള്ളത്. ദുബായ് കോൺസുൽ ജനറൽ വിപുൽ നേരിട്ടെത്തി ദുബായിൽ നിന്നുള്ള യാത്രക്കാരെ യാത്രയാക്കി. ഗ്ലൗസുകളും മാസ്കും അടക്കം എല്ലാ ക്രമീകരണങ്ങളും നൽകിയാണ് ഇവരെ വിമാനത്തിലേക്ക് കയറ്റിയത്. ദുബായിൽ നിന്നുള്ള വിമാനവും അൽപസമയത്തിനകം പുറപ്പെടും.
ശാരീരികപ്രശ്നം ആർക്കെങ്കിലും അനുഭവപ്പെട്ടാൽ അവർക്കായി പ്രത്യേക ചികിത്സ നൽകാൻ അവസാനത്തെ രണ്ട് നിരകൾ ഒഴിവാക്കിയിട്ടിട്ടുണ്ട്. സാമൂഹ്യാകലം നിലവിൽ ഈ വിമാനങ്ങളിൽ പാലിക്കാനായിട്ടില്ല. അതിൽ ചില പ്രവാസികൾക്കെങ്കിലും അതൃപ്തിയുമുണ്ട്. പക്ഷേ കൃത്യമായ പരിശോധന നടത്തുന്നതിനാൽ തൽക്കാലം ആശങ്കപ്പെടേണ്ടതില്ലെന്ന് ദുബായ് കോൺസുൽ ജനറൽ അധികൃതർ പറഞ്ഞു.