വധഗൂഢാലോചനക്കേസ്; സൈബര്‍ വിദഗ്ദന്‍ സായ് ശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: വധ ഗൂഢാലോചനക്കേസില്‍ ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ച സൈബര്‍ വിദഗ്ദന്‍ സായ് ശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് സായ് ശങ്കര്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചത്.

കേസില്‍ ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ മൊഴി നല്‍കാന്‍ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നതായി ജാമ്യാപേക്ഷയില്‍ പറയുന്നു. അന്വേഷണത്തിന്റെ പേരില്‍ ക്രൈംബ്രാഞ്ച് തന്നെയും കുടുംബത്തെയും ഉപദ്രവിക്കുന്നുവെന്നും അറസ്റ്റ് ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നുമാണ് ആവശ്യം.

അതേസമയം കേസില്‍ പൊലീസ് പീഡനമാരോപിച്ച് സായ് ശങ്കര്‍ നല്‍കിയ മറ്റൊരു ഹര്‍ജിയും സിംഗിള്‍ ബഞ്ച് ഇന്ന് പരിഗണിക്കുന്നുണ്ട്. ഹര്‍ജിയില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷന്‍ സാവകാശം തേടിയതിനെ തുടര്‍ന്ന് ഹര്‍ജി ഇന്നത്തേക്ക് മാറ്റുകയായിരുന്നു

ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ദിലീപ് ഫോണുകള്‍ കൈമാറുന്നതിന് മുമ്പ് വിവരങ്ങള്‍ നശിപ്പിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. മുംബൈയിലെ ലാബില്‍ വച്ചാണ് രണ്ട് മൊബൈല്‍ ഫോണുകളില്‍ ക്രമക്കേട് നടത്തിയത്. മറ്റ് രണ്ടു ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചത് സായ് ശങ്കറിന്റെ സഹായത്തോടെ കൊച്ചിയില്‍ വച്ചാണെന്നാണ്് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ മാറ്റിയത് സായിയുടെ ഐ മാക് സിസ്റ്റം വഴിയാണെന്നാണ് പൊലീസ് കണ്ടെത്തിയിരുന്നു. സായ് ശങ്കറിന്റെ ഭാര്യയുടെ ബുട്ടീക്കില്‍ നടത്തിയ റെയ്ഡില്‍ ഐ മാക് കസ്റ്റഡിയില്‍ എടുത്തിരുന്നു.