വിലക്ക് ലംഘിച്ച് സിപിഎം സെമിനാറില്‍ നേതാക്കള്‍ പങ്കെടുത്താല്‍ നടപടി: കെ സുധാകരന്‍

തിരുവനന്തപുരം: വിലക്ക് ലംഘിച്ച് ഏതെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ സിപിഎം സെമിനാറില്‍ പങ്കെടുത്താല്‍ നടപടി സ്വീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സിപിഎമ്മിനെതിരെയുള്ള ജന വികാരം മനസിലാക്കിയാണ് സെമിനാറില്‍ പങ്കെടുക്കുന്നത് വിലക്കിയതെന്ന് സുധാകരന്‍ പറഞ്ഞു.

സിപിഎമ്മിന്റെ പ്രവര്‍ത്തനങ്ങളില്‍ വലിയൊരു ജനസമൂഹം ആശങ്കയിലാണെന്നും സിപിഎം ജനങ്ങളെ കണ്ണീര് കുടിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം പാര്‍ട്ടി വിലക്കുള്ളതായി അറിയില്ലെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ പ്രതികരിച്ചു. പാര്‍ട്ടി വിലക്ക് ലംഘിച്ച് സെമിനാറില്‍ പങ്കെടുക്കരുതെന്ന് സുധാകരന്‍ പറഞ്ഞതിന് ശേഷമായിരുന്നു തരൂരിന്റെ പ്രതികരണം. ശശി തരൂര്‍, കെ.വി തോമസ് എന്നിവരെയാണ് സിപിഎം സെമിനാറിലേക്ക് ക്ഷണിച്ചത്.

അതേസമയം സിപിഎം പരിപാടികളില്‍ പങ്കെടുക്കേണ്ട എന്നത് ബിജെപി നിലപാടാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇതേ നിലപാടാണ് കോണ്‍ഗ്രസും സ്വീകരിക്കുന്നതെന്ന് കോടിയേരി പറഞ്ഞു.