ഹിജാബില്‍ വിധി പ്രസ്താവിച്ച ജഡ്ജിമാര്‍ക്ക് വൈ കാറ്റഗറി സുരക്ഷ

ബംഗളൂരു: ഹിജാബ് ഹര്‍ജിയില്‍ വിധി പറഞ്ഞ മൂന്ന് കര്‍ണാടക ഹൈക്കോടതി ജഡ്ജിമാര്‍ക്ക് വൈ കാറ്റഗറി സുരക്ഷ. ജഡ്ജിമാര്‍ക്ക് നേരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായതിന് പിന്നാലെയാണ് സുരക്ഷ ശക്തമാക്കിയത്. ഹിജാബ് വിധി പ്രസ്താവിച്ച മൂന്ന് ജഡ്ജിമാര്‍ക്ക് ‘വൈ’ കാറ്റഗറി സുരക്ഷ നല്‍കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഞായറാഴ്ച പറഞ്ഞു.

ഇസ്ലാം മത വിശ്വാസത്തിന്റെ അവിഭാജ്യഘടകമല്ല ഹിജാബ് എന്ന് കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹിജാബ് മൗലികാവാകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടികാട്ടി കര്‍ണാടകയിലെ ഒരു സംഘം വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ ഹര്‍ജി തള്ളി കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഇത് പ്രതിഷേധത്തിന് കാരണമായി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായി ഡ്രസ് കോഡ് പാലിക്കണമെന്ന് കോടതി പ്രഖ്യാപിക്കുകയായിരുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂണിഫോം എന്നത് ന്യായമായ ചട്ടമാണെന്ന് വ്യക്തമാക്കിയ ഹൈകോടതി യൂണിഫോം നിര്‍ബന്ധമാക്കല്‍ മൗലികാവകാശ ലംഘനമല്ലെന്ന് പറഞ്ഞു. വിദ്യാഭ്യാസ യൂണിഫോമിന് ഭരണഘടനാപരമായ സാധുതയുണ്ടെന്ന് കോടതി ഉത്തരവില്‍ പറയുന്നു.

ഇതിനെതിരെ വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഹോളി അവധിക്ക് ശേഷം കോടതി പരിഗണിക്കും. നാല് മാസത്തിലേറെ നീണ്ട പ്രതിഷേധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കുമൊടുവിലാണ് ഹിജാബ് കേസില്‍ കര്‍ണാടക ഹൈക്കോടതി വിധി പറഞ്ഞത്.