കൊച്ചി: കെ റെയില്‍ കല്ലിടലിനെതിരെ എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയിലും മലപ്പുറം ജില്ലയിലെ തിരൂരിലും പ്രതിഷേധം. സര്‍വേ കല്ലുകള്‍ നാട്ടുകാര്‍ പിഴുതുമാറ്റി. ചോറ്റാനിക്കരയില്‍ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിലാണ് കല്ലുകള്‍ പിഴുത് മാറ്റിയത്. സ്ഥാപിച്ച കല്ലെടുത്ത് കനാലിലെറിഞ്ഞു. തുടര്‍ന്ന് ജില്ലയില്‍ സില്‍വര്‍ ലൈന്‍ സര്‍വേ നിര്‍ത്തിവച്ചു.
തിരൂര്‍ ഭാഗത്ത് നാട്ടുകാര്‍ സംഘടിച്ചെത്തിയതോടെ വെങ്ങാലൂര്‍ ജുമാമസ്ജിദിന് സമീപം കല്ലിടല്‍ ഒഴിവാക്കി. നാട്ടുകാരും പൊലീസും തമ്മില്‍ വാക്കുതര്‍ക്കവുമുണ്ടായി. പ്രതിഷേധക്കാരില്‍ ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
അതേസമയം കെ റെയില്‍ പദ്ധതി നടപ്പിലാക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് പറഞ്ഞതെല്ലാം ജനങ്ങളുടെ പിന്തുണയോടെ നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളൊന്നും കടലാസില്‍ ഒതുങ്ങില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ റെയില്‍ കല്ലിടലിനെതിരെ സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ വികസനത്തിനെതിരാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. പ്രതിപക്ഷത്തെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച മുഖ്യമന്ത്രി നാടിന് പുരോഗതി ഉണ്ടാകുന്നതില്‍ കോണ്‍ഗ്രസ് തടസം നില്‍ക്കുകയാണെന്ന് കുറ്റപ്പെടുത്തി. ബിജെപിയും സമാനമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.