കേസെടുത്ത് ഭയപ്പെടുത്താന്‍ നോക്കണ്ട; അതിരടയാള കല്ലുകള്‍ ഇനിയും പിഴുതെറിയുമെന്ന് വിഡി സതീശന്‍

തിരുവനന്തപുരം: കെ റെയിലിനെതിരെ നടക്കുന്നത് ജനകീയ സമരമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അതിരടയാള കല്ലുകള്‍ ഇനിയും പിഴുതെറിയുമെന്ന് വ്യക്തമാക്കിയ അദ്ദേഹം സമരം ശക്തമാക്കുമെന്ന് ആവര്‍ത്തിച്ചു. കേസെടുത്ത് ഭയപ്പെടുത്താന്‍ നോക്കണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാടപ്പള്ളിയില്‍ കെ റെയിലിനെതിരെ പ്രതിഷേധിക്കാന്‍ കുട്ടിയുമായെത്തിയ ജിജി ഫിലിപ്പിനെതിരെ കേസെടുത്ത നടപടിയെ കുറിച്ച് അദ്ദേഹം പ്രതികരിച്ചു. യുവതിയെ വലിച്ചിഴച്ചപ്പോള്‍ കേരളത്തിലെ വനിതാ കമ്മീഷന്‍ എവിടെയായിരുന്നുവെന്ന് അദ്ദേഹം ചേദിച്ചു. എട്ടുവയസുകാരി സോമിയയുമായാണ് ജിജി സമരമുഖത്ത് എത്തിയത്.

പ്രതിഷേധത്തിന് കുട്ടിയെ കൊണ്ടുവന്നതിന് ജുവനൈല്‍ ആക്ട് പ്രകാരം ജിജിക്കെതിരെ കേസെടുത്തിട്ടുണ്ട്. കുഞ്ഞിനെ മനപ്പൂര്‍വം സമരത്തിന് കൊണ്ടുവന്നതല്ലെന്നും ആരോപണങ്ങള്‍ തെറ്റാണെന്നും ജിജി പ്രതികരിച്ചിരുന്നു. പരസ്യമായി കല്ല് പിഴുത് മാറ്റിയ കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിനെതിരെയും കേസെടുക്കും.