ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നു; ചുഴലിക്കാറ്റ് മുന്നറിയിപ്പ്

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ നിലവിലുള്ള ന്യൂനമര്‍ദ്ദം നാളെ തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ വച്ചു ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തുടര്‍ന്ന് വടക്ക് ദിശയില്‍ സഞ്ചരിച്ച് ഞായറാഴ്ച തീവ്രന്യൂനമര്‍ദ്ദമായും തിങ്കളാഴ്ച ചുഴലിക്കാറ്റായി മാറാനും സാധ്യതയെന്നാണ് മുന്നറിയിപ്പ്.

തുടര്‍ന്ന് വടക്ക്- വടക്ക് കിഴക്ക് ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് ചൊവ്വാഴ്ച ബംഗ്ലാദേശ് – മ്യാന്‍മര്‍ തീരത്ത് കരയില്‍ പ്രവേശിക്കാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ചുഴലിക്കാറ്റായി മാറിയാല്‍ ശ്രീലങ്ക നിര്‍ദ്ദേശിച്ച അസാനി എന്ന പേരിലാകും ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റ് അറിയപ്പെടുക. സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട വേനല്‍മഴ തുടരാനും സാധ്യതയുണ്ട്.