ലൈംഗിക പീഡനത്തിനെതിരെ പരാതിപ്പെട്ടിട്ടും പൊലീസ് നടപടി എടുത്തില്ല; സ്റ്റാലിനോട് സഹായം തേടി പെണ്‍കുട്ടി, ഉടന്‍ നടപടി

ചെന്നൈ: ലൈംഗിക പീഡനത്തിനെതിരെ പരാതിപ്പെട്ടിട്ടും പൊലീസ് നടപടി എടുക്കാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രി സ്റ്റാലിനോട് സഹായം തേടിയ പെണ്‍കുട്ടിക്ക് ആശ്വാസം. സംഭവത്തില്‍ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്കല്‍പ്പേട്ട് കല്‍പാക്കം സ്വദേശിയായ പതിനേഴുകാരി സഹായം അഭ്യര്‍ത്ഥിച്ച് വിഡിയോയുമായി എത്തിയിരുന്നു. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പെണ്‍കുട്ടിയുടെ കുടുംബത്തെ ഉപദ്രവിച്ച രാഷ്ട്രീയകക്ഷിയുടെ നേതാവ് അടക്കം മൂന്ന് പേരാണ് അറസ്റ്റിലായത്. അമ്മയ്ക്കും സഹോദരിക്കുമൊപ്പമാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. ലൈംഗികാതിക്രമം നേരിടുന്നുവെന്ന് പൊലീസില്‍ പരാതിപ്പെട്ടതോടെ കുടുംബത്തിന് നോരെ ആക്രമണങ്ങളും ഭ്രഷ്ടും കല്പിച്ചതായി പെണ്‍കുട്ടി വീഡിയോയില്‍ പറയുന്നു.

ബന്ധുക്കളായ മൂന്ന് പേര്‍ പെണ്‍കുട്ടിയെയും വീട്ടുകാരെയും നിരന്തരം ഉപദ്രവിച്ചിരുന്നു. അക്രമം സഹിക്കാനാകാതെ പൊലീസില്‍ പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. തുടര്‍ന്നാണ് മുഖ്യമന്ത്രിയോട് സഹായം അഭ്യര്‍ത്ഥിച്ചത്. അറസ്റ്റ് ചെയ്ത മൂന്ന് പേര്‍ക്കെതിരെ പോക്‌സോ കേസ് ചുമത്തി. ഒരു വനിതാ പൊലീസിനെതിരെയും പെണ്‍കുട്ടി പരാതി പറഞ്ഞിരുന്നു.