തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളേജ് യൂണിയന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നത് മുഖ്യമന്ത്രിയുടെ നിലപാട് കാരണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍. പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ മന്ത്രിമാരെ വഴിതടയുമെന്ന് അദ്ദേഹം പറഞ്ഞു. എസ്എഫ്ഐയുടെ ഗുണ്ടാ പ്രവര്‍ത്തനത്തിന് മുഖ്യമന്ത്രി പിന്തുണ നല്‍കിയെന്ന് ഷാഫി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയായിരുന്നു തിരുവനന്തപുരം ലോ കോളേജില്‍ സംഘര്‍ഷമുണ്ടായത്. യൂണിയന് ഉദ്ഘാടനത്തിനിടെയുണ്ടായ വാക്ക് തര്‍ക്കം പിന്നീട് കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. കോളേജ് യൂണിയന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിന്റെ തുടര്‍ച്ചയായാണ് കയ്യാങ്കളി ഉണ്ടായത്. എസ്എഫ്ഐക്കാര്‍ കൂട്ടം ചേര്‍ന്ന് വലിച്ചിഴച്ച് മര്‍ദ്ദിച്ചപ്പോള്‍ പൊലീസുകാര്‍ നോക്കി നിന്നെന്ന് സംഘര്‍ഷത്തില്‍ പരിക്കേറ്റ കെ എസ് യു യൂണിറ്റ് പ്രസിഡന്റ് സഫ്ന പറഞ്ഞിരുന്നു.
സംഘര്‍ഷവുമായി ബന്ധപ്പെട്ട് എട്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നു. അക്രമിച്ചതിനും വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയതിനുമാണ് കേസ് എടുത്തിരിക്കുന്നത്. അതേസമയം എസ് എഫ് ഐ പ്രവര്‍ത്തകരെ മര്‍ദിച്ചുവെന്ന പരാതിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് എതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ലോ കോളജ് വിഷയത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മില്‍ കഴിഞ്ഞ ദിവസം സഭയില്‍ വാക്ക് തര്‍ക്കമുണ്ടായി.
എസ് എഫ് ഐ പ്രവര്‍ത്തകര്‍ കെ എസ് യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്നലെ നിയമസഭാ മാര്‍ച്ച് നടത്തിയിരുന്നു. പ്രവര്‍ത്തകര്‍ പാളയത്ത് ഡിവൈഎഫ്ഐയുടെ ഫ്ളക്സ് ബോര്‍ഡുകള്‍ കീറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.