കൊച്ചി: ദിലീപിന്റെ ഫോണ്‍രേഖകള്‍ നശിപ്പിച്ച സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന് ക്രൈംബ്രാഞ്ച് നോട്ടീസ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചത്. ഹൈക്കോടതി അനുമതിയോടെയാണ് മുന്‍കൂര്‍ നോട്ടീസ് നല്‍കി സായ് ശങ്കറിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്. സായ് ശങ്കറിന്റെ കോഴിക്കോടുള്ള വീട്ടിലും കൊച്ചിയിലും സൈബര്‍ വിദഗ്ധരടക്കമുള്ള ക്രൈംബ്രാഞ്ച് സംഘം ഇന്ന് പരിശോധന നടത്തിയിരുന്നു.
സായ് ശങ്കറിന്റെ ഫ്‌ളാറ്റിലും ഭാര്യയുടെ മാതാപിതാക്കളുടെ ഫ്‌ളാറ്റിലും ഭാര്യയുടെ ബുട്ടീക്കിലും ആയിരുന്നു റെയ്ഡ്. രാവിലെ എട്ടേകാലിന് ആരംഭിച്ച റെയ്ഡ് 4 മണിക്കൂര്‍ നീണ്ടു. റെയ്ഡില്‍ രണ്ടു മൊബൈല്‍ ഫോണും ഒരു ഐപോഡും പിടിച്ചെടുത്തു. റെയ്ഡ് നടക്കുമ്പോള്‍ സായ് ശങ്കര്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. ദിലീപിന്റെ അഭിഭാഷകന്റെ ഓഫീസില്‍ വച്ച് രേഖകള്‍ നശിപ്പിച്ചത് സായ് ശങ്കര്‍ ആണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.
അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ദിലീപിന് തിരിച്ചടി. കേസ് അന്വേഷണം സ്റ്റേ ചെയ്യില്ലെന്ന് അറിയിച്ച കോടതി ക്രൈംബ്രാഞ്ചിന് അന്വേഷണം തുടരാമെന്ന് വിധിച്ചു. കേസില്‍ കോടതി വിശദമായ വാദം കേള്‍ക്കും.