നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കുന്നതിന് അപ്പീല്‍ സഹായം കേന്ദ്രം നല്‍കും

ന്യൂ ഡെല്‍ഹി: യെമന്‍പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കുന്നതിന് അപ്പീല്‍ നല്‍കാനുള്ള സഹായം കേന്ദ്ര സര്‍ക്കാര്‍ നല്‍കും. ഡെല്‍ഹി ഹൈക്കോടതിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാടറിയിച്ചത്. യെമനിലെത്തി ചര്‍ച്ചകള്‍ നടത്താനുള്ള സഹായവും കേന്ദ്രം നല്‍കും. ഇതുമായി ബന്ധപ്പെട്ട ഹര്‍ജി ഡെല്‍ഹി ഹൈക്കോടതി തീര്‍പ്പാക്കി.

നയതന്ത്രതലത്തില്‍ ഇടപെടല്‍ നടത്താന്‍ കേന്ദ്രത്തോട് നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിന് യെമന്‍ പൗരന്റെ ബന്ധുക്കള്‍ക്ക് നല്‍കേണ്ട ബ്ലഡ് മണി കൈമാറാനുള്ള സംവിധാനവും ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് നിമിഷ പ്രിയയുടെ വധശിക്ഷ ശരിവച്ചത്. സനായിലെ അപ്പീല്‍ കോടതിയാണ് വധശിക്ഷ ശരിവെച്ചത്. വിചാരണക്കോടതി വിധിച്ച വധശിക്ഷയ്‌ക്കെതിരെയാണ് നിമിഷ പ്രിയ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ അപ്പീല്‍ കോടതിയെ സമീപിച്ചു.

കേസിലെ വാദം കഴിഞ്ഞ ജനുവരിയില്‍ പൂര്‍ത്തിയായിരുന്നു. 2017ജൂലൈ 25ന് ആണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. യെമന്‍ പൗരനായ തലാല്‍ അബ്ദു മഹദിയെ കൊലപ്പെടുത്തി മൃതദേഹം വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചെന്ന കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയയെ വധശിക്ഷയ്ക്ക് വിധിച്ചത്.

സുരക്ഷാകാരണങ്ങള്‍ കണക്കിലെടുത്ത് 2016 മുതല്‍ ഇന്ത്യക്കാര്‍ക്ക് യെമനില്‍ വിലക്ക് ഏര്‍പ്പെടുത്തിയതിനാല്‍ നിമിഷയുടെ ബന്ധുക്കള്‍ക്കോ അവരുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്ന സംഘടനകളിലെ അംഗങ്ങള്‍ക്കോ യെമനിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇക്കാര്യം ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

ബ്ലഡ് മണി സ്വീകരിക്കാമെന്ന് യെമന്‍ പൗരന്റെ ബന്ധുക്കള്‍ അറിയിച്ചാലും, ആ പണം നിലവില്‍ കൈമാറാന്‍ സാധിക്കാത്ത സാഹചര്യമാണ് ഉള്ളതെന്നും ഹര്‍ജിയില്‍ വിശദീകരിച്ചിട്ടുണ്ട്. അതുകൊണ്ട് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടാണ് സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ ഡെല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.