ഒന്നര വര്‍ഷത്തിന് ശേഷം സംസ്ഥാനത്ത് കൊറോണ കേസുകള്‍ ആയിരത്തിന് താഴെയായി

തിരുവനന്തപുരം: ഒന്നര വര്‍ഷത്തിന് ശേഷം സംസ്ഥാനത്തെ കൊറോണ രോഗികളുടെ എണ്ണം ആയിരത്തിന് താഴെ എത്തിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 2020 ആഗസ്റ്റ് 3ന് ആണ് സംസ്ഥാനത്ത് ആയിരത്തില്‍ താഴെ കേസുകള്‍ അവസാനമായി റിപ്പോര്‍ട്ട് ചെയ്തത്. അന്ന് 962 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിന് ശേഷം ഉണ്ടായ രണ്ടാം തരംഗത്തില്‍ ആയിരത്തിന് താഴെ കേസുകളുടെ എണ്ണം താഴ്ന്നില്ല. പിന്നീട് മൂന്നാം തംരംഗത്തിലും രോഗികളുടെ എണ്ണം വര്‍ധിച്ചു.

രോഗികളുടെ എണ്ണം കുറഞ്ഞെങ്കിലും ശ്രദ്ധക്കുറവ് പാടില്ലെന്ന് മന്ത്രി പറഞ്ഞു. പൂര്‍ണമായും കൊറോണ മുക്തമാക്കുകയാണ് ലക്ഷ്യം. മാസ്‌ക് മാറ്റാന്‍ സമയമായിട്ടില്ലെന്നും കുറച്ച് നാള്‍ കൂടി ജാഗ്രത തുടരണമെന്നും മന്ത്രി വ്യക്തമാക്കി. കൊറോണ ഒന്നും രണ്ടും തരംഗത്തെ പോലെ മൂന്നാം തരംഗത്തേയും ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിഞ്ഞു. ഒരിക്കല്‍ പോലും ആശുപത്രി കിടക്കകള്‍ക്കോ, ഐസിയു വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ക്കോ, സുരക്ഷാ ഉപകരണങ്ങള്‍ക്കോ കുറവ് വന്നിട്ടില്ല. ഒന്നും രണ്ടും തരംഗത്തിലുള്ള സ്ട്രാറ്റജിയല്ല സംസ്ഥാനം ആവിഷ്‌ക്കരിച്ചത്. ഡെല്‍റ്റാ വകഭേദം രോഗ തീവ്രത കൂടുതലായിരുന്നു.

എന്നാല്‍ ഒമിക്രോണ്‍ വകഭേദം ഗുരുതരാവസ്ഥ കുറവാണെങ്കിലും വ്യാപന ശേഷി വളരെ കൂടുതലാണ്. സംസ്ഥാനം ആവിഷ്‌ക്കരിച്ച വാക്സിനേഷന്‍ യജ്ഞവും ഫലം കണ്ടു. 18 വയസിന് മുകളിലെ 100 ശതമാനം പേര്‍ക്ക് ആദ്യ ഡോസും 87 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും വാക്സിന്‍ നല്‍കാനായി. 15 മുതല്‍ 17 വയസുവരെയുള്ള കുട്ടികള്‍ക്കും ബഹുഭൂരിപക്ഷത്തിനും വാക്സിന്‍ നല്‍കി. ശക്തമായ പ്രതിരോധം കൂടിയായപ്പോള്‍ ഉയര്‍ന്ന വേഗത്തില്‍ തന്നെ കേസുകള്‍ കുറഞ്ഞ് വരുന്നതാണ് കാണാന്‍ കഴിഞ്ഞത്.

മൂന്നാം തരംഗത്തിന്റെ ആദ്യം, ഈ വര്‍ഷം ജനുവരി ആദ്യ ആഴ്ചയില്‍ 45 ശതമാനമാണ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായത്. ജനുവരി മൂന്നാം ആഴ്ചയില്‍ 215 ശതമാനമാണ് വര്‍ധിച്ചത്. എന്നാല്‍ പിന്നീടത് വളരെ വേഗം കുറഞ്ഞു. ഇക്കഴിഞ്ഞ ആഴ്ചയില്‍ മൈനസ് 39.48 ശതമാനം കേസുകളാണ് കുറഞ്ഞത്. ഇനിയും കേസുകള്‍ വളരെ വേഗം കുറയാന്‍ ജാഗ്രത തുടരണമെന്ന് മന്ത്രി വ്യക്തമാക്കി.