ഇറ്റലി : കൊറോണക്കെതിരായ വാക്സിന് എലികളില്‍ വിജയിച്ചെന്ന് അറിയിച്ച് ഇറ്റാലിയന്‍ കമ്പനി. ടാകിസ് എന്ന ഇറ്റാലിയൻ കമ്പനിയാണ് വാക്സിൻ നിർമാണ രംഗത്തെ നിർണായക വിജയവാദവുമായി എത്തിയത്.
റോമിലെ ആശുപത്രിയില്‍ നടത്തിയ പരീക്ഷണത്തിലാണ് കൊറോണ വാക്സിൻ എലികളില്‍ വിജയകരമായി തീർന്നതെന്ന് ഇവർ പറയുന്നു. എലികളില്‍ കുത്തിവെച്ച വാക്സിന് ആന്റിബോഡികള്‍ ഉത്പാദിപ്പിച്ചു. ഈ ആന്റിബോഡികള്‍ വെച്ച് നടത്തിയ പരീക്ഷണത്തില്‍ കൊറോണ വൈറസിന് മനുഷ്യ കോശങ്ങളെ ആക്രമിക്കാനാവാതെ നിര്‍വീര്യമാക്കാനുള്ള ശക്തി ഉള്ളതായി കണ്ടുപിടിച്ചെന്നാണ് ടാകിസ് അധികൃതർ പറയുന്നത്.
അഞ്ച് വാക്സിനുകളാണ് പരീക്ഷണം നടത്തിയതെന്നും ഇതില്‍ നിന്നും മികച്ച ആന്റിബോഡികളെ നിര്‍മ്മിച്ച രണ്ട് വാക്സിനുകളാണ് മനുഷ്യരില്‍ പ്രയോഗിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇത് മനുഷ്യരില്‍ പരീക്ഷണം നടത്തി പലഘട്ടങ്ങളിലായി ഫലം വിലയിരുത്തിയതിന് ശേഷം മാത്രമേ വാക്സിന് വിജയകരമാണോ എന്ന് അറിയാനാകൂയെന്നാണ് ടാകിസ് സി.ഇ.ഒ ല്യൂഗി ഔറിസിചിയോ പറഞ്ഞത്.
അതേസമയം ഇറ്റാലിയന്‍ വാക്സിന് അതിന്റെ തുടക്കഘട്ടത്തിലാണെന്നും യു.കെയിലും ചൈനയിലും ഇതിനേക്കാള്‍ മുന്നേറിയ വാക്സിന് ഗവേഷണങ്ങള്‍ നടക്കുന്നുവെന്നുമാണ് വൈറോളജിസ്റ്റുകള്‍ അറിയിക്കുന്നത്. സുരക്ഷിതമായ വാക്സിനിലെത്താന്‍ ഇനിയും നിരവധി കടമ്പകള്‍ ഇറ്റാലിയന്‍ ഗവേഷക സംഘത്തിന് താണ്ടാനുണ്ട്. എലികളില്‍ വിജയിച്ച എല്ലാ വാക്സിനുകളും അതേപോലെ മനുഷ്യരില്‍ വിജയിക്കണമെന്നില്ലെന്നും വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്.
ലോകമെമ്പാടും പടർന്നു പിടിച്ചിരിക്കുന്ന കൊറോണ വൈറസിനെതിരായുള്ള വാക്സിൻ നിർമാണ വേളയിലാണ് ലോകരാഷ്ട്രങ്ങൾ ഒന്നടങ്കം. പല രാജ്യങ്ങളും വാക്സിൻ നിർമാണം പൂർത്തിയാക്കിയതാകും അത് മനുഷ്യശരീരത്തിൽ പരീക്ഷിക്കാനായുള്ള തയാറെടുപ്പിലേക് പോകുകയാണെന്ന് റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.