ചെറുതോണി: മലയോര കർഷകൻ്റെ ഹ്യദയത്തിൽ ഇടം നേടിയ ഇടുക്കി രൂപതയുടെ പ്രഥമ മെത്രാൻ മാർ മാത്യു ആനിക്കുഴിക്കാട്ടിലിൻ്റെ ഭൗതിക ശരീരം പൊതുദർശനത്തിന് അനുവദിക്കാതിരുന്നതും സംസ്ക്കാര ശുശ്രൂഷകൾ സമാപിക്കും മുമ്പേ ലൈവ് ടെലികാസ്റ്റ് തഹസിൽദാർ ഇടപെട്ട് നിർത്തിച്ചതും പുതിയ വിവാദങ്ങളിലേക്ക്. ആരാണിതിന് പിന്നിൽ പ്രവർത്തിച്ചത് ?. എന്താണ് സംഭവിച്ചത്?. ഉത്തരം പകൽ പോലെ വ്യക്തമെന്ന് രൂപതക്കാരായ വിശ്വാസികൾ പറയുന്നു.
നാട്ടിൽ പുറങ്ങളിലെ സാധാരണ മരണങ്ങൾക്ക് പോലും നൂറും ഇരുനൂറും പേർ പങ്കെടുക്കുമ്പോൾ കണ്ണടയ്ക്കുന്ന പോലീസ് കനത്ത സുരക്ഷയാണ് സംസ്ക്കാര ശുശ്രൂഷയ്ക്ക് ലോക്ക് ഡൗൺ പ്രോട്ടോക്കോളിൻ്റെ പേരിൽ ഏർപ്പെടുത്തിയതെന്ന് ആക്ഷേപമുണ്ട്.
ചീഫ് സെക്രട്ടറിയും കളക്ടറും തഹസിൽദാരും ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് താക്കീതു സ്വരത്തിൽ ഉത്തരവാദിത്തപ്പെട്ടവരോട് നിർദേശിക്കുമ്പോൾ ഇത് അബദ്ധത്തിൽ സംഭവിച്ചതല്ലെന്ന് വ്യക്തമാകും. ഉദ്യോഗസ്ഥർ ഒന്നടങ്കം രംഗത്ത് വരണമെങ്കിൽ ഏതെങ്കിലുമൊരാളുടെയോ രാഷ്ട്രീയ പാർട്ടികളുടെയോ
നിർദ്ദേശമല്ലെന്ന് ആർക്കും വ്യക്തമാകുമെന്ന് ഇവർ പറയുന്നു.
എന്നിട്ടും ഇക്കാര്യത്തിൽ വിശ്വാസികളെയും സഭാ നേത്യത്വത്തെയും തെറ്റിദ്ധരിപ്പിച്ച് മണ്ടൻമാരാക്കി ഇരുട്ടിൻ്റെ പുകമറ സ്യഷ്ടിക്കാനാണ് അധിക്യതരുടെ ശ്രമമെന്ന് ആക്ഷേപമുണ്ട്. അതുകൊണ്ട് തന്നെ ഉത്തരവാദിത്തപ്പെട്ട അധികൃതർ ഇക്കാര്യത്തിൽ ആശയക്കുഴപ്പമുണ്ടാക്കി മറ്റുള്ളവരെ കുറ്റം ചുമത്തനാണ് ശ്രമിക്കുന്നതെന്ന് വിശ്വാസികൾ പറയുന്നു. ഇക്കാര്യത്തിലുള്ള ഇവരുടെ നിശബ്ദത ഇത് ശരി വയ്ക്കുന്നു.
ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ മറവിലുണ്ടായ ഇടപെടലുകൾ ആരുടേത്.
വാഴത്തോപ്പ് കത്തീഡ്രലിൽ ആളുകൾക്ക് എത്താനായില്ലെങ്കിലും ജനലക്ഷങ്ങളാണ് മാർ മാത്യു ആനിക്കുഴിക്കാട്ടിലിൻ്റെ സംസ്കാര ചടങ്ങുകൾക്ക് സാക്ഷിയായത്. സംസ്കാര ചടങ്ങുകൾ രൂപതയുടെ ഒൗദ്യോഗിക വെബ്സൈറ്റിലും യൂടൂബിലുമായി കണ്ടത് ഒരുലക്ഷത്തിലധികം പേരാണ്.
ലോക്കൽ ചാനലിൽ സംസ്കാര ചടങ്ങുകൾ ലൈവ് നൽകിയിരുന്നു. എന്നാൽ
തഹസീൽദാർ ആവശ്യപ്പെട്ടതനുസരിച്ച് പ്രക്ഷേപണം നിർത്തി. ഇതും വിവാദമായിട്ടുണ്ട്. ഈ തഹസീൽദാറിനെ സർവീസിൽ നിന്നും മാറ്റി നിർത്തി, അന്വേഷണം നടത്തണമെന്നാണ് വിശ്വാസികളുടെ ആവശ്യം.
ഇടുക്കി രൂപതയെയും കുടിയേറ്റ ജനതയെയും പതിറ്റാണ്ടുകൾ ജീവൻ നൽകി പരിപാലിച്ച മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്അർഹമായ വിടവാങ്ങൽ നൽകാൻ അനുവദിക്കാതെ ലോക്ക് ഡൗണിന്റെ മറവിൽനിന്നും കരുക്കൾ നീക്കിയവരെ ഒരിക്കൽ പൊതുജനം തിരിച്ചറിയുമെന്ന് വിശ്വാസികൾ പറയുന്നു.
സംസ്കാര ശുശ്രൂഷയിൽ 20 പേരെ വരെ പങ്കെടുപ്പിക്കാൻ വ്യവസ്ഥയുള്ളപ്പോൾ അഞ്ചുപേരിൽ ചുരുക്കാൻ ഉത്തരവുണ്ടായതെങ്ങനെ? പിന്നീട് വികാരി ജനറാളിന്റെ് അപേക്ഷ മാനിച്ച് 20 ആയി ഉയർത്തിയതെങ്ങനെ?. മൃതദേഹം വച്ചിരിക്കുന്ന കത്തീഡ്രൽ പള്ളിക്കുചുറ്റും പോലീസ് സേനയെ വിന്യസിച്ച് ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയവരെ തടഞ്ഞതെന്തിന്? 120 പോലീസുകാരെ ഒരേസമയം വിന്യസിച്ച് ജനങ്ങളെ തടയാമെങ്കിൽ എന്തുകൊണ്ടു പോലീസ് നീയന്ത്രണത്തിൽ പൊതു ദർശനം അനുവദിച്ചില്ല?. ഒരു ആത്മീയ നേതാവിന്റെ മൃതദേഹ വാഹനത്തിനു ചുറ്റും റവന്യൂ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ച് ആളുകളുടെ നോട്ടം തടഞ്ഞതെന്തിന്? ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളാണ് വിശ്വാസി സമൂഹത്തിനുള്ളത്.
മാർ ആനിക്കുഴിക്കാട്ടിൽ പിതാവിന് ആദരമർപ്പിക്കാനുള്ള ജനങ്ങളുടെ അവസരം തടഞ്ഞത് ഡൽഹിയിൽനിന്ന് എന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ആരോഗ്യവകുപ്പ് സെക്രട്ടറിക്കും ലഭിച്ച പരാതിയെത്തുടർന്നാണ് മാർ ആനിക്കുഴിക്കാട്ടിലിന്റെ ഭൗതിക ദേഹത്തോടുള്ള അനാദരവിന്റെ ഉത്തരവ് പുറപ്പെട്ടതത്രേ.
ഹൈറേഞ്ചിലെ പാവപ്പെട്ട ജനങ്ങൾക്കുവേണ്ടി ജീവിച്ചു, പ്രവർത്തിച്ചു കാലംചെയ്ത ഒരു വലിയ മനുഷ്യന് ലോകത്തിൽ ഒരാൾക്കും ഉണ്ടാകാത്ത ക്രൂരമായ അവഗണന എങ്ങനെ സംഭവിച്ചു എന്നു പറയാൻ കേന്ദ്രസംസ്ഥാന സർക്കാരുകൾക്കും സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ പാർട്ടികൾക്കും ഉത്തരവാദിത്വമുണ്ട്. ഒരു സാധാരണ പൗരനു ലഭിക്കുന്ന പരിഗണനപോലും നൽകാതെയാണ് ഇടുക്കിയുടെ ആത്മീയ പിതാവിനെ യാത്രയാക്കേണ്ടി വരുന്നത്. ഇത്രയും വലിയ ജനസമ്മതിയുള്ള ഒരു ആത്മീയ നേതാവിനു ഇനി ഒരിക്കലും തിരിച്ചുനൽകാനാത്ത മനുഷ്യ ജീവിതത്തിലെ അവസാനത്തെ ആദരവ് കൊട്ടിയടച്ച നിന്ദ്യമായ ചെയ്തി ഇടുക്കിയിലെ മാത്രമല്ല സമസ്ത ജനങ്ങളെയും കണ്ണീർക്കയത്തിലാഴ്ത്തിയിരിക്കുകയാണ്.
പൊതുദർശനവും സംസ്കാരശുശ്രൂഷകളും നിയന്ത്രണങ്ങളോടെ നടത്താൻ ക്രമീകരണമുണ്ടാക്കിയ ശേഷം അവസാന നിമിഷം പൊതുദർശനവും ആദരവോടെയുള്ള സംസ്കാര ശുശ്രൂഷയും തടഞ്ഞ നടപടിയെ തിരുത്താൻ ഒരു രാഷ്ട്രീയ പൊതു സേവകനെയും കണ്ടില്ല. ഒരു മുന്നണിയും ഇക്കാര്യത്തിൽ നിലപാട് പരസ്യപ്പെടുത്താനും തയാറായില്ല. ഇത് ഏത് രാഷ്ട്രീയലാഭം ഉണ്ടാക്കാനാണെന്നത് ദുരൂഹമായിരിക്കുന്നു. മൃതദേഹത്തിനു പൊതുദർശനം അനുവദിക്കാത്ത ക്രൂരമായ നടപടി ഒരു പരിഷ്കൃത സമൂഹവും സഹിക്കുന്നതല്ല.
പരാതി എന്താണെന്നോ പരാതിക്കാരൻ ആരാണെന്നോ ഇപ്പോൾവരെ പുറത്താരും അറിഞ്ഞിട്ടില്ല. പരാതി ഉണ്ടെന്ന് ചീഫ് സെക്രട്ടറി അറിയിച്ചതായാണ് രൂപതാ അധികൃതർ അറിയിച്ചത്.
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങൾ ലംഘിച്ച് മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ സംസ്കാര ശുശ്രൂഷകൾക്കും പൊതുദർശനത്തിനും സംസ്ഥാന സർക്കാർ അനുമതി നൽകിയതായി കേന്ദ്ര സർക്കാരിന് പരാതി ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിൽ ചടങ്ങുകൾ ഒഴിവാക്കണമെന്നുമായിരുന്നു ചീഫ് സെക്രട്ടറിയുടെ അറിയിപ്പ്.
ഞായറാഴ്ച രാത്രി 7.30 തിനാണ് ചീഫ് സെക്രട്ടറിയുടെ ഒരു ഫോണ്‍കോൾ ബിഷപ്സ് ഹൗസിലെത്തിയത്. ’പിതാവിന്റെ ഭൗതികദേഹം പൊതുദർശനത്തിനു വയ്ക്കാൻ അനുവദിക്കില്ല. സംസ്കാര ശുശ്രൂഷയിൽ അഞ്ചിൽകൂടുതൽ ആളുകൾ പങ്കെടുക്കാൻ പാടില്ല’ എന്നായിരുന്നു ഫോണ്‍ വഴിയുള്ള ഉത്തരവ്. ഇതിനുപിന്നാലെ ജില്ലാകളക്ടറുടെ ഉത്തരവ് ഒൗദ്യോഗികമായി എത്തി.
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങൾക്ക് വിധേയമായിപോലും വലിയപിതാവിന് ആദരവ് നൽകാനുള്ള എല്ലാ വഴികളും അടഞ്ഞു. അവസാന ശ്രമമായി വികാരി ജനറാൾ മോണ്‍. ജോസ് പ്ലാച്ചിക്കലിന്റെ അഭ്യർഥന മാനിച്ച് സംസ്കാര ശുശ്രൂഷയിൽ 20 പേരെ വരെ പങ്കെടുപ്പിക്കാൻ ജില്ലാകളക്ടർ അനുമതി നൽകി.ഒ ടുവിൽ അർഹമായ ആദരവ് ഏറ്റുവാങ്ങാനാവാതെ മാർ ആനിക്കുഴിക്കാട്ടിൽ നിത്യതയിലേക്കു മടങ്ങുകയായിരുന്നു.
മാർ ആനിക്കുഴിക്കാട്ടിൽ അന്തരിച്ച മാർച്ച് ഒന്നിന് ഭൗതിക ശരീരം മൂവാറ്റുപുഴയിലെ നിർമല മെഡിക്കൽ സെന്ററിൽ എത്തിച്ചശേഷം ഏറെ കൂടിയാലോചനകൾക്കും ഹോംവർക്കുകൾക്കും ശേഷമാണ് അഞ്ചിന് പിതാവിന്റെ സംസ്കാരം നടത്തുന്നതിനും പൊതുദർശനത്തിനുമുള്ള ക്രമീകരണങ്ങൾ തയാറാക്കിയത്. ജില്ലയിൽനിന്നുള്ള മന്ത്രിയായ എം.എം. മണിയുടെ സാന്നിധ്യത്തിൽ, ഇടുക്കി ബിഷപ് മാർ ജോണ്‍ നെല്ലിക്കുന്നേൽ, വികാരി ജനറാൾമാരായ മോണ്‍. ജോസ് പ്ലാച്ചിക്കൽ, മോണ്‍. ഏബ്രഹാം പുറയാറ്റ് തുടങ്ങിയവരുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ ജില്ലാ കളക്ടർ, ജില്ല പോലീസ് ചീഫ്, ജില്ല മെഡിക്കൽ ഓഫീസർ ഉൾപ്പെടെയുള്ള അധികൃതരുമായി ദീർഘമായി ചർച്ചനടത്തിയാണ് ക്രമീകരണങ്ങൾക്ക് അന്തിമരൂപം നൽകിയത്.
ലോക്ക് ഡൗണ്‍ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ സർക്കാർ മാർഗനിർദേശങ്ങൾ പൂർണമായി പാലിച്ച് നിർദേശലംഘനത്തിനുള്ള എല്ലാ പഴുതുകളും അടച്ച് മൂവാറ്റുപുഴയിൽനിന്ന് ഇടുക്കി കത്തീഡ്രൽ വരെ വിലാപയാത്രയായി ഭൗതികദേഹം എത്തിച്ച് സംസ്കരിക്കാനായിരുന്നു ക്രമീകരണങ്ങൾ ഒരുക്കിയത്. റോഡുവക്കിൽ ആൾക്കൂട്ടം ഒഴിവാക്കി, പൊതുദർശന ഇടങ്ങളിൽ ഒരുസമയം അഞ്ചുപേരിൽ കൂടാതെ എത്തി വലിയപിതാവിന് ആദരാഞ്ജലികൾ അർപ്പിക്കാനുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. എന്നാൽ ഇതെല്ലാം ഉത്തരവാദിത്തപ്പെട്ട ചില കേന്ദ്രങ്ങൾ ആസൂത്രിതമായി ഇടപ്പെട്ട് തകർത്തെന്നാണ് വിശ്വാസികളുടെ വേദനയോടെയുള്ള വിലയിരുത്തൽ.