തിരുവനന്തപുരം: കൊറോണ മൂന്നാം തരംഗത്തില്‍ അടച്ച വിദ്യാലയങ്ങള്‍ നാളെ തുറക്കുമെങ്കിലും പ്രവര്‍ത്തനം പൂര്‍ണ സമയത്തേക്ക് ആയിരിക്കില്ല. ഒന്നു മുതല്‍ ഒന്‍പതു വരെ ക്ലാസുകളുടെ പ്രവര്‍ത്തനം ഉച്ചവരെമാത്രമായിരിക്കും.
കൊറോണ ഭീഷണിയെത്തുടര്‍ന്ന് അടയ്‌ക്കുന്നതിനു മുമ്പു പ്രവര്‍ത്തിച്ച രീതിയില്‍തന്നെയായിരിക്കും നാളെ മുതല്‍ ക്ലാസുകള്‍ നടക്കുക. 15 നു ചേരുന്ന ഉന്നതതല യോഗത്തിനുശേഷമായിരിക്കും കൊറോണക്കു മുമ്പത്തെ നിലയിലേക്കു സ്‌കൂള്‍ പ്രവര്‍ത്തനം കൊണ്ടുപോകാന്‍ കഴിയുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുക.
നാളത്തെ സ്‌കൂള്‍ തുറപ്പു ചര്‍ച്ച ചെയ്യാന്‍ ഇന്ന് വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്‌ഥരുടെ യോഗം ചേരും. സ്‌കൂള്‍ തുറക്കലിനെക്കുറിച്ചു മുമ്പു പുറപ്പെടുവിച്ച മാര്‍ഗരേഖയുടെ അടിസ്‌ഥാനത്തിലായിരിക്കും ഇപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുകയെന്നു മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. “ഒന്നു മുതല്‍ ഒന്‍പതു വരെ ക്ലാസുകള്‍ ഉച്ചവരെയായിരിക്കും. നിലവിലെ മാര്‍ഗരേഖപ്രകാരം ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി കുട്ടികള്‍ക്കായിരിക്കും ക്ലാസ്.
ക്ലാസ് സമയം വൈകിട്ടു വരെ നീട്ടുന്ന കാര്യം കൂടുതല്‍ ആലോചനകള്‍ക്കുശേഷം തീരുമാനിക്കും. 15 ന് അധ്യാപക സംഘടനകളുടെ യോഗം ചേരും. തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയശേഷമാകും മുഴുവന്‍ കുട്ടികളെയും സ്‌കൂളിലെത്തിക്കുക. ഓണ്‍ലൈന്‍ ക്ലാസുകള്‍ ശക്‌തിപ്പെടുത്താനും കൂടുതല്‍ പേരിലേക്കെത്തിക്കാനുമാണ് ആലോചന”-മന്ത്രി പറഞ്ഞു.