ഹിസ്ബുൽ മുജാഹിദ്ദീൻ തീവ്രവാദി റിയാസ് നായ്കുവിനെ ഇന്ത്യൻ സൈന്യം പിടികൂടി

ഡൽഹി: ഹിസ്ബുൽ മുജാഹിദ്ദീൻ തീവ്രവാദി റിയാസ് നായ്കുവിനെ ഇന്ത്യൻ സൈന്യം പിടികൂടിയതായി റിപ്പോർട്ട്. ദക്ഷിണ കശ്മീരിലെ അവന്തിപ്പോരയിലുണ്ടായ ഏറ്റുമുട്ടലിലാണ് റിയാസ് നായ്കുവിനെ പിടികൂടിയത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. അവന്തിപ്പോരയിലെ ബെയ്ഗ്‌പോരയിൽ ജമ്മു കശ്മീർ പൊലീസും, സേനയുടെ 55 രാഷ്ട്രിയ റൈഫിൾസും, സിആർപിഎഫും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് റിയാസ് നായ്കുവിനെ പിടികൂടിയത്. ഇന്ന് രാവിലെയാണ് സേന ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിക്കുന്നത്. 35 കാരനായ റിയാസ് നായ്കുവിന്റെ തലയ്ക്ക് 12 ലക്ഷം ഇനാമാണ് പ്രഖ്യാപിച്ചിരുന്നത്. കശ്മീർ താഴ്വരയിൽ ഏറ്റുമുട്ടൽ തുടരുന്ന സാഹചര്യത്തിൽ മൊബൈൽ ഇന്റർനെറ്റ് സേവനം റദ്ദാക്കി. ഞായറാഴ്ച്ച ജമ്മു കശ്മീരിലെ ഹന്ദ്വാരയിൽ തുടങ്ങിയ ഏറ്റുമുട്ടലൽ ഇപ്പോഴും തുടരുകയാണ്.

ഹിസ്ബുൽ തീവ്രവാദി ബുർഹാൻ വാനിയുടെ മരണത്തിന് പിന്നാലെയാണ് റിയാസ് നായ്കു നേതൃപദവിയിലേക്ക് ഉയരുന്നത്. മുമ്പ് പല തവണ റിയാസിനെ പിടികൂടാൻ ശ്രമം നടന്നിട്ടുണ്ടെങ്കിലും അവയെല്ലാം വിഫലമാകുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി അവന്തിപുരയിലെ ബെയ്പുരയിൽ തീവ്രവാദികൾ ഒളിച്ചിരിക്കുന്നതായ ഇന്റലിജൻസ് റിപ്പോ‍ർട്ടുണ്ടായിരുന്നു. പുൽവാമ സെക്ടറിലെ ഒരു ഗ്രാമത്തിൽ തീവ്രവാളികൾ ഒളിച്ചു കഴിയുന്നുണ്ടെന്ന വിവരം ലഭിച്ചതോടെയാണ് ജമ്മു കശ്മീർ പൊലീസും സുരക്ഷാസേനകളും ചേർന്നുള്ള സംയുക്ത ഓപ്പറേഷൻ ചൊവ്വാഴ്ച രാത്രി ആരംഭിച്ചത്. തുടർന്ന് കരസേനയും ജമ്മു കശ്മീർ പൊലീസും സിആർപിഎഫും സംയുക്തമായി തെരച്ചിൽ നടത്തുന്നതിനിടെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. കശ്മീരിൽ തുടരുന്ന പ്രകോപനത്തിൽ പാക്കിസ്ഥാനെതിരെ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കൊറോണയോട് രാജ്യം പോരാടുമ്പോൾ തീവ്രവാദത്തിന്റെ വൈറസുകളെ പാക്കിസ്ഥാൻ പടർത്തുകയാണെന്നാണ് പ്രധാനമന്ത്രി അപലപിച്ചത്.