ക്ലാസ് മുറികളില്‍ ഹിജാബോ കാവി ഷാളോ മത പതാകയോ വേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

    ബംഗളൂരു: ക്ലാസ് മുറികളില്‍ ഹിജാബോ കാവി ഷാളോ മതത്തിന്റെ പതാകയോ വേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി. ഹിജാബ് വിലക്കിയതിന് എതിരായ ഹര്‍ജിയിലെ ഇടക്കാല ഉത്തരവിലാണ് ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നിര്‍ദേശം. സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കി.കേസില്‍ ഇന്നലെ വാദം കേട്ട ഹൈക്കോടതി ഇന്നാണ് ഇടക്കാല ഉത്തരവ് വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്തത്. വിദ്യാഭ്യാസ സ്ഥപാനങ്ങളില്‍ മതവസ്ത്രങ്ങള്‍ വേണ്ടെന്ന് ബഞ്ച് ഇന്നലെ വാക്കാല്‍ വ്യക്തമാക്കിയിരുന്നു. ഹര്‍ജികളില്‍ തീരുമാനമാവുന്നതുവരെ മതവസ്ത്രങ്ങളും മറ്റും ക്ലാസ് മുറികളില്‍ വേണ്ടെന്നാണ് ഉത്തരവ്.

    യൂണിഫോമും ഡ്രസ് കോഡും ഉള്ള സ്ഥാപനങ്ങള്‍ക്കാണ് ഉത്തരവ് ബാധകമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന്, ഹിജാബ് കേസില്‍ സുപ്രീം കോടതിയുടെ പരാമര്‍ശം. നിലവില്‍ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണെന്നു ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ് എന്‍വി രമണ ഉചിത സമയത്ത് ഹര്‍ജി കേള്‍ക്കുമെന്ന് അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മത വസ്ത്രങ്ങള്‍ വിലക്കിക്കൊണ്ടുള്ള കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരായ അപ്പീല്‍ അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യത്തോടാണ് ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.

    കര്‍ണാടകയില്‍ എന്താണ് നടക്കുന്നതെന്ന് അറിയാമെന്നും ഉചിതമായ സമയത്ത് ഇടപെടുമെന്നും ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. ഇപ്പോള്‍ ഇക്കാര്യം സുപ്രീം കോടതിയിലേക്കു കൊണ്ടുവരുന്നത് ഉചിതമാണോയെന്നു പരിശോധിക്കണം. ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ട്, ഉചിതമായ സമയത്ത് ഹര്‍ജി കേള്‍ക്കാം കോടതി പറഞ്ഞു.