സംസ്‌ഥാനപോലീസ്‌ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവുവേട്ട; 460 കിലോ കഞ്ചാവു പിടിച്ചു

തൃശൂര്‍: കൊടകരയില്‍ സംസ്‌ഥാനപോലീസ്‌ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവുവേട്ടയില്‍ 460 കിലോ കഞ്ചാവു പിടിച്ചു. മുന്തിയ ഇനമായ ഗ്രീന്‍ കഞ്ചാവിനു പൊതുവിപണിയില്‍ അഞ്ചുകോടിയിലേറെ വില വരും. ചരക്കുലോറിയില്‍ വിദഗ്‌ധമായി ഒളിച്ചുകടത്തുകയായിരുന്നു. ഇന്നലെ രാവിലെ വാഹനപരിശോധനയ്‌ക്കിടെ ചാലക്കുടി ഡി.വൈ.എസ്‌.പി. സി.ആര്‍. സന്തോഷും സംഘവുമാണ്‌ ലോറി തടഞ്ഞത്‌.

കൊടുങ്ങല്ലൂര്‍ ചന്തപ്പുര മണപ്പാട്ട്‌ ലുലു (32), തൃശൂര്‍ വടക്കാഞ്ചേരി പെരിങ്ങണ്ടൂര്‍ കുരുവീട്ടില്‍ ഷാഹിന്‍ (38), മലപ്പുറം പൊന്നാനി ചെറുകുളത്തില്‍ വീട്ടില്‍ സലിം (37) എന്നിവര്‍ പോലീസ്‌ പിടിയിലായി. കെ.എല്‍. 72/ 8224 മ്പര്‍ ലോറിയിലാണ്‌ കഞ്ചാവു കടത്തിയത്‌. മൂന്നുവര്‍ഷം മുമ്പ്‌ പച്ചക്കറി വ്യാപാരിയില്‍നിന്നും അരലക്ഷംരൂപ തട്ടിയെടുത്ത കേസില്‍ ഷാഹിന്‍ പ്രതിയാണ്‌. ആന്ധ്ര അനക്കപ്പളളിയില്‍ നിന്നുമാണ്‌ കഞ്ചാവു കൊണ്ടവന്നത്‌. അവിടെ കിലോയ്‌ക്ക് 5,000 രൂപയാണ്‌ വിലയെന്ന്‌ പോലീസ്‌ പറഞ്ഞു.