ശ്രീനഗർ: ജമ്മു കശ്മീരിലെ ബദ്ഗാമിലും പുൽവാമയിലുമായി നടന്ന രണ്ട് ഏറ്റുമുട്ടലുകളിലായി അഞ്ച് ഭീകരരെ സൈന്യം വധിച്ചു. ലഷ്കർ തൊയ്ബ, ജെയ്ഷെ മുഹമ്മദ് ഭീകരരാണ് കൊല്ലപ്പെട്ടത്. ജയ്ഷെ മുഹമ്മദ് ഭീകര സംഘടനയുടെ കമാൻഡർ സയീദ് വാനിയയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
2019 ഫെബ്രുവരി 14ന് 40 -ലധികം സി.ആർ.പി.എഫ് ജവാന്മാർ കൊല്ലപ്പെട്ട ലത്പുര ഐ.ഇ.ഡി ആക്രമണത്തിന് പിന്നിൽ സയീദ് വാനിയയും ഉൾപ്പെട്ടിരുന്നു. 12 മണിക്കൂറിനുള്ളിൽ അഞ്ച് ഭീകരരെ വധിക്കാൻ സാധിച്ചത് വലിയ വിജയമാണെന്ന് കശ്മീർ ഐ.ജി പറഞ്ഞു. കൊല്ലപ്പെട്ട ഭീകരരിൽ നിന്നും ആയുധങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.