ഇറ്റാനഗർ: ആസാം-അരുണാചൽ അതിർത്തിയിലെ തർക്ക പ്രദേശത്തു റോഡ് നിർമിക്കുന്നതിനെച്ചൊല്ലി സംഘർഷം. ധേമാജി ജില്ലയിലെ ഗോഗാമുഖിലായിരുന്നു സംഭവം. അരുണാചൽപ്രദേശ് സർക്കാരിന്റെ കരാറുകാരൻ ഗ്രാമീണ റോഡ് നിർമിച്ചതാണ് സംഘർഷത്തിലേക്കു നയിച്ചത്. ആസാമിൽനിന്നുള്ളവർ റോഡ് നിർമാണത്തെ എതിർത്തു.നിർമാണസ്ഥലത്തേക്ക് പ്രതിഷേധക്കാർ എത്തിയപ്പോൾ കരാറുകാരൻ ഒരു റൗണ്ട് ആകാശത്തേക്കു വെടിവച്ചു. പ്രതിഷേധക്കാർ ഏതാനും വാഹനങ്ങൾ തകർത്തു. താത്കാലിക ക്യാന്പിനു തീവച്ചു. സംഭവമറിഞ്ഞ് ആസാം പോലീസ് സംഘം സ്ഥലത്തെത്തി.പിഎംജിഎസ്വൈ പദ്ധതിയിൽ ഉൾപ്പെടുത്തി 70 കിലോമീറ്റർ റോഡാണ് അരുണാചൽ സർക്കാർ നിർമിക്കുന്നത്. ആസാമും അരുണാചലും തമ്മിൽ 122 ഗ്രാമങ്ങളിൽ തർക്കമുണ്ട്. ഇരു സംസ്ഥാനങ്ങളും 804.1 കിലോമീറ്റർ അതിർത്തി പങ്കിടുന്നു.