പൊതുജനങ്ങൾക്കായി കെഎസ്ആർടിസി ആറ് പമ്പുകൾകൂടി ആരംഭിക്കുന്നു

തിരുവനന്തപുരം: നഷ്ടത്തിലോടുന്ന കെ എസ് ആർ ടി സി പൊതുജനങ്ങൾക്കായി ആറ് പമ്പുകൾകൂടി ആരംഭിക്കുന്നു. കെഎസ്ആർടിസിയുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട്‌ ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണിതെന്ന് മന്ത്രിയടക്കം വ്യക്തമാക്കുന്നു. കെഎസ്ആർടിസി ആരംഭിച്ച പദ്ധതിയുടെ രണ്ടാംഘട്ടമായി ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി 6 പമ്പുകൾക്ക് കൂടി ധാരണയായി. സെൻട്രൽ വർക്ക്സ് പാപ്പനംകോട്(2), പന്തളം, പുതുക്കാട്, എടപ്പാൾ, തൃശൂർ ശക്തൻ സ്റ്റാൻഡ് എന്നീ 5 സ്ഥലങ്ങളിലായി 6 റീട്ടെയിൽ ഔട്ട്ലെറ്റുകൾ ആരംഭിക്കുക.

ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി ചേർന്ന് പദ്ധതി ആരംഭിയ്ക്കുന്നതിനുള്ള ധാരണാപത്രം നാളെ വൈകുന്നേരം 4.30 ന് കെഎസ്ആർടിസി മാനേജിംഗ്‌ ഡയറക്ടർ ബിജു പ്രഭാകർ ഐഎഎസും ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് സ്റ്റേറ്റ് ഹെഡ് (റീട്ടെയിൽ ) അണ്ണാ ബിരനും ഒപ്പ് വയ്ക്കും.

നേരത്തെ ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി ചേർന്ന് തിരുവനന്തപുരം സിറ്റി, കിളിമാനൂർ, ചടയമംഗലം, ചേർത്തല, മൂവാറ്റുപുഴ, ചാലക്കുടി, മൂന്നാർ, കോഴിക്കോട് എന്നിവിടങ്ങളിൽ ആരംഭിച്ച പമ്പുകൾ വൻവിജയമായതിനെത്തുടർന്നാണ് കൂടുതൽ സ്ഥലങ്ങളിലേക്ക് ഔട്ട്‌ലെറ്റുകൾ വ്യാപിപ്പിക്കുന്നത്. ഇൻഡ്യൻ ഓയിൽ കോർപ്പറേഷൻ മറ്റ്‌ സ്ഥലങ്ങളിൽ കൂടുതൽ ഔട്ട്‌ലെറ്റുകൾ തുടങ്ങുതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്‌.

ഈ മാസം ആദ്യം ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷനുമായി ചേർന്ന് വികാസ്ഭവൻ, തൊടുപുഴ, വൈക്കം, മലപ്പുറം എന്നിവിടങ്ങളിൽ പമ്പുകൾ തുടങ്ങുന്നതിന് ധാരണാപത്രം ഒപ്പു വച്ചിട്ടുണ്ട്.