നല്‍ഗോണ്ട: ക്ഷേത്രത്തിലെ വിഗ്രഹത്തിന്റെ പാദങ്ങളിൽ യുവാവിന്റെ തല അറുത്ത നിലയില്‍ കണ്ടെത്തി. തെലങ്കാനയിലെ നല്‍ഗോണ്ട ജില്ലയിലെ ചിന്തപ്പള്ളി മണ്ടലിലുള്ള ഗൊല്ലപ്പള്ളിയിലെ മഹാകാളി ക്ഷേത്രത്തിലെ വിഗ്രഹത്തിന്റെ കാല്‍ക്കീഴിലാണ് യുവാവിന്റെ അറുത്ത നിലയിലുള്ള ശിരസ് കണ്ടെത്തിയത്.
കൊല്ലപ്പെട്ടയാളെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് പോലീസ്. ഇയാളുടെ ബാക്കിയുള്ള മൃതദേഹത്തിന്റെ ഭാഗങ്ങളും കണ്ടെത്താനുണ്ട്. കൊല്ലപ്പെട്ടയാള്‍ക്ക് 30 മുതല്‍ 35 വയസ് വരെ പ്രായമുണ്ടെന്നാണ് പൊലീസ് വിലയിരുത്തല്‍.
ദേവിക്ക് മുന്പില് മനുഷ്യക്കുരുതി നടന്നതാണോയെന്ന സംശയത്തിലാണ് നാട്ടുകാരുള്ളത്. ഇത് ഈ മേഖലയിലെ ആളുകള്‍ക്കിടയില്‍ ഭീതി പടരാനും കാരണമായിട്ടുണ്ട്. എല്ലാ രീതിയിലുമുള്ള സംശയനിവാരണം പൊലീസ് അന്വേഷണത്തിലൂടെ സാധ്യമാകുമെന്നാണ് വിലയിരുത്തല്‍.
ഡോഗ് സ്ക്വാഡ് അടക്കമുള്ള പ്രത്യേക അന്വേഷണ സംഘത്തേയാണ് കേസില്‍ നിയോഗിച്ചിരിക്കുന്നത്. ക്ഷേത്രത്തിലും പരിസരത്തും സിസിടിവികള്‍ ഇല്ലാത്തതിനാല്‍ എന്താണ് നടന്നതെന്ന ചിത്രം വ്യക്തമാകാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും.