ലൈറ്റും ഹോൺ ഇല്ലാതെയും, വൃത്തിയില്ലാതെയും ബസുകൾ സർവീസ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ നടപടി

തിരുവനന്തപുരം∙ കെഎസ്ആർടിസി ബസുകൾ വൃത്തിയാക്കി പരിപാലിക്കുന്നതിനു വേണ്ടി സൂപ്പർഫാസ്റ്റ്, ഫാസ്റ്റ്, സിറ്റി സർക്കുലർ ബസുകൾ രണ്ടു ദിവസത്തിലൊരിക്കലും, ഓർഡിനറി ജൻറം നോൺ എസി ബസുകൾ മൂന്നു ദിവസത്തിലൊരിക്കലും കഴുകി വൃത്തിയാക്കുന്നതിനു വേണ്ടി ഉത്തരവ് പുറത്തിറക്കി. ഇതിനായി യൂണിറ്റ് ഓഫിസർമാർക്ക് ബസ് വാഷിങ് ജീവനക്കാരെ നിയോഗിക്കാൻ നിർദേശം നൽകി. ‌യൂണിറ്റുകളിൽ ഉള്ള ബസിന്റെ അനുപാതത്തിന് അനുസരിച്ച് വാഷിങ് ഷെഡ്യൂൽ ക്രമീകരിച്ച് നൽകും.

വൃത്തിശൂന്യമായും നിർദേശങ്ങൾക്ക് വിരുദ്ധമായും ഏതെങ്കിലും ബസുകൾ സർവീസ് നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ആ ഡിപ്പോയിലെ മുഴുവൻ ബസ് കഴുകുന്നവരുടെ സേവനവും യാതൊരു മുന്നറിയിപ്പും കൂടാതെ അവസാനിപ്പിച്ച്, ബസ് കഴുകുന്ന കരാർ കുടുംബശ്രീ പോലുള്ള ഏജൻസികൾക്ക് നൽകുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും സിഎംഡി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

കൂടാതെ എല്ലാ ബസുകൾക്കും റിവേഴ്സ് ലൈറ്റും ഇൻഡിക്കേറ്ററും ഘടിപ്പിക്കുന്നതിനും മറ്റും ഘടിപ്പിക്കാൻ നിർദേശം നൽകി. ലൈറ്റ് ഇല്ലാതെയും ഹോൺ ഇല്ലാതെയും, വൃത്തിയില്ലാതെയും ബസുകൾ സർവീസ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഫോട്ടോയും ബസ് നമ്പരും സഹിതം 9400058900 എന്ന വാട്സാപ് നമ്പരിൽ യാത്രാക്കാർക്ക് അറിയിക്കാമെന്നും കെഎസ്ആർടിസി അറിയിച്ചു.