ന്യൂഡെൽഹി: രാജ്യത്ത് ഫെബ്രുവരി ഒന്നിനും 15-നും ഇടയിൽ കൊറോണ രോഗികളുടെ എണ്ണത്തിൽ വൻ വർധനയുണ്ടാകുമെന്ന് മദ്രാസ് ഐ.ഐ.ടി.യുടെ പഠനം. കഴിഞ്ഞ രണ്ടാഴ്ചയിലെ കൊറോണ പ്രത്യുത്പാദനശേഷിയുടെ (ആർ മൂല്യം) അടിസ്ഥാനത്തിൽ ഐ.ഐ.ടി.യിലെ ഗണിത വകുപ്പും സെന്റർ ഓഫ് എക്സലൻസ് ഫോർ കംപ്യൂട്ടേഷണൽ മാത്തമാറ്റിക്സ് ആൻഡ് ഡേറ്റ സയൻസും ചേർന്നാണ് പഠനം നടത്തിയത്.
ഒരു രോഗിയിൽനിന്ന് എത്രപേർക്ക് രോഗം പകരുമെന്ന കണക്കാണ് ആർ മൂല്യം. ജനുവരി ഒന്നു മുതൽ ആറുവരെ ഇത് നാലായി ഉയർന്നിരുന്നു. ഡിസംബർ 25 മുതൽ 31 വരെ 2.9 ആയിരുന്നു ആർ മൂല്യം. രണ്ടാംതരംഗത്തെ അപേക്ഷിച്ച് കേസുകളിൽ ക്രമാതീതമായ വർധന ഇനിയുണ്ടാകും. പ്രാഥമിക വിശകലനത്തിൽ ആർ മൂല്യം ക്രമാതീതമായി ഉയരുകയാണ്.
വാക്സിനേഷൻ, സാമൂഹിക അകലം തുടങ്ങിയവയുടെ സ്വാധീനം മൂന്നാംതരംഗത്തിൽ കാണാനാകും. വാക്സിനേഷൻ നിരക്ക് ഉയർന്നെങ്കിലും ആളുകൾ സാമൂഹികഅകലം പാലിക്കാൻ തയ്യാറായിരുന്നില്ല. ഒന്നാം തരംഗത്തിൽ ഒട്ടേറെ നിയന്ത്രണങ്ങൾ രാജ്യത്ത് ഏർപ്പെടുത്തിയിരുന്നു. എങ്കിലും കേസുകളുടെ എണ്ണം ഉയർന്നു. മൂന്നാം തരംഗത്തിൽ സാമൂഹിക അകലം പാലിക്കൽ കുറവായതിനാൽ മുൻ തരംഗങ്ങളെ അപേക്ഷിച്ച് കേസുകളുടെ എണ്ണം വളരെ ഉയർന്നതാകാം.
ഏകാന്തവാസവും നിയന്ത്രണങ്ങളും കർശനമാക്കുന്നതോടെ ആർ മൂല്യം കുറഞ്ഞേക്കാം. പകർച്ചവ്യാപന സാധ്യത, സമ്പർക്കത്തിലുള്ളവരുടെ എണ്ണം, രോഗം ബാധിക്കാനിടയുള്ള ഇടവേള എന്നിവയുടെ അടിസ്ഥാനത്തിലാണ് ആർ മൂല്യം കണക്കാക്കുന്നതെന്നും ഐ.ഐ.ടി. മദ്രാസിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. ജയന്ത് ഝാ പറയുന്നു. വൈറസ് പിടിപെട്ട 10 പേരിൽനിന്ന് ശരാശരി എത്രപേർക്ക് കൊറോണ പകരുമെന്നതാണ് പരിശോധിക്കുന്നത്.
ആർ മൂല്യം ഒന്ന് ആണെങ്കിൽ ഓരോ 10 പേരും ശരാശരി 10 പേർക്കുകൂടി വൈറസിനെ നൽകുന്നെന്ന് അർഥം. ഒന്നിന് മുകളിലാകുന്നത് വൈറസ് വ്യാപിക്കുന്നതിന്റെ സൂചനയാണ്. 2020-ൽ കൊറോണയുടെ തുടക്ക ഘട്ടത്തിൽ 1.7 ആയിരുന്നു ആർ മൂല്യം. ഇത് 1.83 ആയി വർധിച്ചതോടെ വ്യാപനം പാരമ്യത്തിലെത്തി. അടച്ചിടൽ പ്രഖ്യാപിച്ചപ്പോഴാണ് ഇത് താഴേക്കു വന്നത്. ഒന്നിന് താഴെയെത്തിയാൽമാത്രമേ മഹാമാരി അവസാനിച്ചെന്ന് കണക്കാക്കാൻ സാധിക്കൂ.