കാക്കനാട്: കൂട്ടായ്മയുടെ അരൂപിയിൽ പ്രതിസന്ധികളെ മറികടക്കണമെന്ന് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സീറോമലബാർ സഭയുടെ മുപ്പതാമത്തെ സിനഡിന്റെ ആദ്യ സെഷൻ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കർദിനാൾ.
2021 ഓഗസ്റ്റ് മാസത്തിലെ സിനഡിൽ വിശുദ്ധ കുർബാന അർപ്പണ രീതി ഏകീകരിക്കാൻ നൽകിയ നിർദ്ദേശം സഭയിലെ 34 രൂപതകളിൽ നടപ്പിലാക്കാനായത് കൂട്ടായ്മയുടെ വിജയമാണെന്ന് മേജർ ആർച്ച്ബിഷപ് ചൂണ്ടിക്കാട്ടി. ചുരുക്കം ചില സ്ഥലങ്ങളിൽ സിനഡിന്റെ തീരുമാനം നടപ്പിലാക്കുന്നതിലുള്ള വൈഷമ്യങ്ങളെക്കുറിച്ച് സിനഡ് സമ്മേളനം വിലയിരുത്തി, മാർഗ്ഗനിർദ്ദേശം നൽകുമെന്ന് മേജർ ആർച്ച്ബിഷപ് പ്രസ്താവിച്ചു.
അൾത്താരയിലെ ഐക്യത്തിലൂടെ സഭയുടെ കൂട്ടായ്മയും ഐക്യവും കൂടുതൽ വർദ്ധമാനമാകുന്നത് ശുഭോദർക്കമാണെന്ന് മാർ ആലഞ്ചേരി വിലയിരുത്തി. മാർത്തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950 -ാം വാർഷികം ഈ വർഷത്തെ ദുക്റാന തിരുനാളിനോടനുബന്ധിച്ച് ആചരിക്കാൻ മേജർ ആർച്ച്ബിഷപ് ആഹ്വാനം ചെയ്തു.
സീറോമലബാർ സഭയിൽ ഈ വർഷം പുതുതായി അഭിഷിക്തരായ 273 നവവൈദികരെയും 365 നവ സന്യാസിനിമാരെയും സിനഡ് അഭിനന്ദനങ്ങളോടെ സഭാ ശുശ്രൂഷയ്ക്കായി സ്വാഗതം ചെയ്തു.
മെത്രാഭിഷേക സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന ആർച്ച്ബിഷപ് മാർ ജോസഫ് പൗവ്വത്തിൽ, ആർച്ച്ബിഷപ് മാർ ജേക്കബ് തൂങ്കുഴി, ബിഷപ് മാർ ജോസഫ് പള്ളിക്കാപറമ്പിൽ എന്നിവർക്കും മെത്രാഭിഷേകത്തിന്റെ രജത ജൂബിലി ആഘോഷിക്കുന്ന ബിഷപ് മാർ തോമസ് ഇലവനാലിനും സിനഡ് അനുമോദനങ്ങൾ ആശംസിച്ചു.
ഫ്രാൻസിസ് മാർപാപ്പ വിഭാവനം ചെയ്ത മഹാസിനഡിന്റെ പശ്ചാത്തലത്തിൽ പരസ്പരം ശ്രവിച്ചും വിവേകപൂർവം വിലയിരുത്തിയും സഭാ ശുശ്രൂഷ ചെയ്യേണ്ടതിന്റെ ആവശ്യകത ഗോരഖ്പൂർ രൂപതാ ബിഷപ് മാർ തോമസ് തുരുത്തിമറ്റം സിനഡ് അംഗങ്ങൾക്ക് നൽകിയ ധ്യാന ചിന്തയിൽ
പങ്കുവച്ചു.
ആനുകാലിക പ്രാധാന്യമുള്ള വിഷയങ്ങൾ സിനഡ് ചർച്ച ചെയ്യും. ജനുവരി 15ന് സിനഡ് സമ്മേളനം സമാപിക്കും.